ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരണമോ വേണ്ടയോ എന്ന ചർ‍ച്ചകൾ ചൂടു പിടിക്കുമ്പോൾ തന്റെ വളർത്തു നായ പിഡിയുമായി കാറിൽ ചുറ്റിക്കറങ്ങുകയാണ് രാ​ഹുൽ ​ഗാന്ധി. പിഡിയുമായി കാറിൽ കറങ്ങുന്ന രാഹുലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ട്വിറ്റർ ഉപഭോക്താവായ അനിൽ ശർമ്മയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണവുമായി രം​ഗത്തെത്തുന്നത്. 2017ലാണ് ആദ്യമായി രാഹുൽ ​ഗാന്ധി തന്റെ പിഡിയെ സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. രാഹുല്‍ പിഡിയെ ലാളിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിന്റെ ദൃശ്യം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ അന്നത്തെ ട്വീറ്റും വൈറലായിരുന്നു.

തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുൽ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയെങ്കിലും രാജി തീരുമാനത്തിൽ രാഹുൽ വിട്ട് വീഴ്ചക്ക് തയ്യാറായില്ല. 

ഒരു മാസത്തിനകം കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.