ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മാതാവിന് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയപ്പോൾ ഹോട്ടലിലെ ജീവനക്കാരൻ 805 രൂപ വാങ്ങിയെന്നാണ് യുവതിയുടെ കുറിപ്പ്.

ജയ്പൂർ: ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടലിലെ ശുചിമുറി ഉപയോഗിച്ചതിന് 805 രൂപ ഈടാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. രാജസ്ഥാനിലെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ശുചിമുറി വെറും ആറ് മിനിറ്റ് ഉപയോഗിച്ചതിന് തന്റെ അമ്മയിൽനിന്ന് 805 രൂപ ഈടാക്കിയെന്നാണ് യുവതി ലിങ്ക്ഡ് ഇന്നിൽ പങ്കുുവെച്ച പോസ്റ്റിൽ പറയുന്നത്. പോസ്റ്റ് വൈറലായതോടെ ഹോട്ടലിനെതിരെ വ്യാപക വിമർശനമുയർന്നു.

കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ഖാട്ടു ശ്യാമിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മാതാവിന് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയപ്പോൾ ഹോട്ടലിലെ ജീവനക്കാരൻ 805 രൂപ വാങ്ങിയെന്നാണ് യുവതിയുടെ കുറിപ്പ്. 'ഞാനൊരു ശുചിമുറി ഉപയോഗിക്കാൻ 805 രൂപ നൽകി. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇന്നലെ ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം'- യുവതി പറയുന്നു.

യുവതിയുടെ കുറിപ്പ്

ഞാനൊരു ശുചിമുറി ഉപയോഗിക്കാൻ 805 രൂപ നൽകി. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇന്നലെ ഞാൻ കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ഖാട്ടു ശ്യാമിൽ പോയിരുന്നു. അമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ക്ഷേത്ര ദർശനം. രാവിലെ ആറ് മണിക്കാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തി. നീണ്ട ക്യൂവായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 2 മണിക്കൂർ ദർശനത്തിനായി ക്യൂ നിന്നു. അമ്മ പറയുന്നത് പോലെ ഭഗവാന്‍റെ മുന്നിൽ എന്ത് വിഐപി. അതിനാൽ സാധാരണ ദർശന രീതി തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ ഇതിനിടെ അമ്മക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അമ്മയ്ക്ക് പെട്ടെന്ന് കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. വയറുവേദനയും ഛർദ്ദിലുമുണ്ടായി. അമ്മയ്ക്ക് വേണ്ടി പരിസരത്തെ ശുചിമുറികൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലും, ക്ഷേത്രത്തിന് 1.5 കിമി ചുറ്റളവിലും ശുതിമുറികളൊന്നും ഉണ്ടായിരുന്നില്ല. അവശയായി നിൽക്കാൻ പോലും കഴിയാതിരുന്ന അമ്മയുമായി ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിലെത്തി. അമ്മക്ക് വയ്യെന്നും ഒരു ശുചിമുറി വേണമെന്നും റിസപ്ഷനിസ്റ്റിനോട് അഭ്യർത്ഥിച്ചു. എന്നാൽ ശുചിമുറിക്കായി അയാൾ 805 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

ഇത് കേട്ട് അമ്പരന്ന് ഞങ്ങൾക്ക് റൂം വേണ്ടെന്നും 5 മിനിറ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ഞാൻ പറഞ്ഞു. എന്നാൽ ഒരു സഹാനുഭൂതിയും റിസപ്ഷനിസ്റ്റ് കാണിച്ചില്ല. ഞങ്ങളുടെ ഹോട്ടൽ ഏഴ് കിലോമീറ്റർ അകലെയാണെന്നും പണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും 805 രൂപ വേണമെന്ന് ഹോട്ടൽ ജീവനക്കാരൻ നിർബന്ധം പിടിച്ചുവെന്ന് യുവതി പോസ്റ്റിൽ പറയുന്നു. മറ്റ് വഴികളില്ലാതെ അച്ഛൻ പണം നൽകി. എന്നാൽ ബില്ല് ചോദിച്ചപ്പോൾ ജീവനക്കാരൻ ബഹളം വെച്ചു. പിന്നീട് 'ബില്ല് വിടൂ, 100 രൂപ കുറച്ചു തന്നാൽ മതി' എന്ന് പറഞ്ഞു. ഒടുവിൽ പിതാവിന്‍റെ ആവശ്യപ്രകാരം അയാൾ മടിയോടെ ഞങ്ങൾക്ക് 805 രൂപയുടെ ബില്ല് തന്നു. വെറും ആറ് മിനിറ്റ് ശുചിമുറി ഉപയോഗിച്ചതിനാണ് ആ തുക ഈടാക്കിയത്.

സഹതാപം നേടാനല്ല താൻ ഈ അനുഭവം എഴുതുന്നത്. വേദനയനുഭവിക്കുന്ന ഒരു സ്ത്രീയെ കണ്ടിട്ടും ഒരാൾക്ക് എങ്ങനെ അടിസ്ഥാന മനുഷ്യത്വത്തിന് വിലയിടാൻ കഴിയും? നമ്മൾ എന്തായിത്തീർന്നിരിക്കുന്നു? ഇത് സാധാരണ ഒരിടത്തല്ല സംഭവിച്ചത്, മറിച്ച് ഒരു ആത്മീയ കേന്ദ്രത്തിന്‍റെ പടിവാതിൽക്കലാണ്. സമാധാനവും ദയയും വിശ്വാസവും കണ്ടെത്താൻ നമ്മൾ പോകുന്ന ഒരിടം. അത് വേദനയുണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവെക്കുന്നതെന്നും യുവതി ലിങ്ക്ഡ് ഇന്നിലെ പോസ്റ്റിൽ പറയുന്നു.

Read More : പഹൽ​ഗാം ഭീകരാക്രമണം: ബിബിസി റിപ്പോർട്ടുകളിൽ 'ഭീകരർ' ഇല്ല, പകരം ആയുധധാരികൾ; അതൃപ്തി അറിയിച്ച് കേന്ദ്രം