ഫ്ലോറിഡ: കുട്ടിസ്രാവെങ്കിലും കയ്യില്‍ പിടിവിടാതെ കടിച്ചിട്ടും അയാള്‍ ഒരു കുലുക്കവുമില്ലാതെ നിന്നു. ഫ്ലോറിഡയിലെ ജെന്‍സന്‍ ബീച്ചിലാണ് കുളിക്കാനിറങ്ങിയ യുവാവിന്‍റെ കയ്യില്‍ കുഞ്ഞന്‍ സ്രാവ് കടിച്ചത്. കരയ്‌ക്ക് എത്തിയിട്ടും, സമയം ഏറെ കഴിഞ്ഞിട്ടും സ്രാവ് പിടിവിട്ടില്ല. എന്നാല്‍ ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട യുവാവിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

യുവാവ് കൂളായി ചിരിക്കുന്നതുകണ്ട് നിരവധി പേര്‍ ക്യാമറയില്‍ പകര്‍ത്തി. ഇത്തരത്തിലൊരു വീഡിയോയാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഇടംപിടിച്ചത്. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പല അടവ് പയറ്റിയിട്ടും സ്രാവ് അയഞ്ഞില്ല. തുടര്‍ന്ന് ഏറെപണിപ്പെട്ടാണ് സ്രാവിനെ കൈയ്യില്‍ നിന്ന് വേര്‍പെടുത്തിയത്. ഈ നേരമെല്ലാം യുവാവിന്‍റെ മുഖത്ത് ചിരി മാത്രമായിരുന്നു ബീച്ചില്‍ ഓടിക്കൂടിയവര്‍ കണ്ടത്. 

വെള്ളത്തില്‍ വച്ച് പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്രാവ് യുവാവിന്‍റെ കയ്യില്‍ കടിച്ചത് എന്ന വിമര്‍ശനവും ചില ദൃസാക്ഷികള്‍ പങ്കുവെക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം മറ്റ് ജീവജാലങ്ങളെ ബഹുമാനിക്കണമെന്ന സന്ദേശം യുവാവ് ഏവര്‍ക്കും പകരുന്നു എന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതരുടെ പ്രതികരണം. വേര്‍പെടുത്തിയ ശേഷം കുട്ടി സ്രാവിനെ കടലിലേക്ക് തന്നെ മടക്കിയയച്ചു. സാരമായ പരിക്ക് മാത്രം ഏറ്റതിനാല്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.  

കൊവിഡ് വാക്സിൻ വികസിപ്പിച്ചതിൽ റഷ്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്