ഷാങ്ഹായ്: കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചതിൽ റഷ്യയെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ഫലപ്രദമായി സാധിച്ചുവെന്നും മാരക രോ​ഗത്തിനെതിരെ വാക്സിൻ വികസിപ്പിച്ചതിൽ ശാസ്ത്രജ്ഞർ പ്രശംസ അർഹിക്കുന്നുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. കൊവിഡിനെതിരെയുള്ള ആദ്യത്തെ വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാദിമിർ പുചിൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തന്റെ മകളിലാണ് ആദ്യമായി വാക്സിൻ കുത്തിവച്ചതെന്നും വളരെ ഫലപ്രദമാണെന്നും രോ​ഗപ്രതിരോധശേഷി നിലനിർത്തുന്നതായി തെളി‌ഞ്ഞതായും പുചിൻ അവകാശവാദം ഉന്നയിച്ചിരുന്നു. 

'കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിൽ റഷ്യൻ ഭരണസംവിധാനത്തെയും ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കൊവിഡിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചതിൽ‌ ശാസ്ത്രജ്ഞരും ആരോ​ഗ്യപ്രവർത്തകരും പ്രശംസയർഹിക്കുന്നു.' ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ട് രാജ്നാഥ് സിം​ഗ് പറഞ്ഞു.

അതേസമയം റഷ്യയുടെ കൊവിഡ് വാക്സിനെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഒരു മില്യണിലധികം ജനങ്ങളാണ് റഷ്യയിൽ കൊവിഡ് ബാധിതരായിട്ടുള്ളതെന്ന് ഹോപ്കിൻസ് സർവ്വകലാശാല റിപ്പോർട്ടിൽ പറയുന്നു.