ടിക് ടോക് ലോഗോ ഫ്രെയിം ചെയ്തും മാലയിട്ടും കണ്ണീരോടെ പ്രിയപ്പെട്ട ആപ്പിന് വിട നല്‍കുകയാണ് ടിക് ടോകിന്‍റെ ആരാധകവൃന്ദം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ടിക് ടോക് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിച്ചതോടെ കിടിലന്‍ ട്രോളുകളുമായി ടിക് ടോകിന് ആദരാജ്ഞലി അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരോധനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ടിക് ടോക് പ്രേമികള്‍ ആപ്പിന് വിട നല്‍കിയത് വേറിട്ട രീതിയിലാണ്. ടിക് ടോക് ലോഗോ ഫ്രെയിം ചെയ്തും മാലയിട്ടും കണ്ണീരോടെ പ്രിയപ്പെട്ട ആപ്പിന് വിട നല്‍കുകയാണ് ടിക് ടോകിന്‍റെ ആരാധകവൃന്ദം.

സിനിമാ സംഭാഷണങ്ങളും ഗാനരംഗങ്ങളും ഉള്‍പ്പെടുന്ന ടിക് ടോകിലൂടെ വൈറലായവരില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. ടിക് ടോക് ചലഞ്ചുകളും സമൂഹ മാധ്യമങ്ങള്‍ ഹൃദയത്തിലേറ്റെടുത്തിരുന്നു. 'നില്ല് നില്ലെന്‍റെ നീലക്കുയിലേ'..., 'കുട്ടാ കുട്ടാ കരയല്ലേ കുട്ടാ'...എന്നീ ചലഞ്ചുകള്‍ക്ക് വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. വീഡിയോ ചിത്രീകരണവും എഡിറ്റിങുമെല്ലാം വളരെ എളുപ്പത്തില്‍ സാധ്യമാകും എന്നതാണ് ടിക് ടോകിന്‍റെ പ്രചാരം വര്‍ധിക്കാന്‍ കാരണമായത്.

ചൈനീസ് ഷോർട് വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മധുര സ്വദേശിയും സാമൂഹികപ്രവർത്തകനുമായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.