കഴിഞ്ഞ ദിവസമാണ് റഷ്യ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ച് ആദ്യ കുത്തിവെപ്പ് പരീക്ഷിച്ചത്. 

കൊവിഡിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം. വാക്‌സിന് നന്ദിയര്‍പ്പിച്ച് നിരവധി മലയാളികളാണ് കമന്റ് ചെയ്തത്. നന്ദിയുണ്ട് പുട്ടേട്ടാ...നന്ദിയുണ്ട്, വാക്‌സിന്‍ ഞങ്ങള്‍ക്കും തരണേ...പൈസ അണ്ണന്‍ തരും, വാക്‌സിന്‍ വന്നിട്ട് വേണം ആര്‍മാദിക്കാന്‍ തുടങ്ങിയ കമന്റുകള്‍കൊണ്ട് മലയാളികള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റഷ്യ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ച് ആദ്യ കുത്തിവെപ്പ് പരീക്ഷിച്ചത്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റഷ്യയുടെ വാദം. 

പുടിന്റെ ഔദ്യോഗിക പേജിലല്ല മലയാളികളുടെ നന്ദിപ്രകടനം. അതേസമയം, പുടിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഈ പേജില്‍ അപ്ലോഡ് ചെയ്യാറുണ്ട്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ നേട്ടങ്ങള്‍ ലോകത്തിനുണ്ടാക്കിയ പുരോഗതിക്ക് തുല്യമാണ് കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മാസ്‌കും സാമൂഹിക അകലവുമില്ലാത്ത ലോകത്തിന് റഷ്യയുടെ വാക്‌സിന്‍ സഹായിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. സ്പുട്‌നിക് 5 എന്നാണ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്.