പാറ്റ്ന: ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ബിഹാര്‍ റജിമെന്‍റിന് ആദരമായ വീഡിയോ ട്വീറ്റ് ചെയ്ത് സൈന്യം. സൈന്യത്തിന്‍റെ നോര്‍ത്തണ്‍ കമാന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ബിഹാര്‍ റെജിമെന്‍റിന്‍റെ സൈനിക നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന വീഡിയോയില്‍ ലഡാക്ക് അതിര്‍ത്തിയിലെ അടുത്തിടെ നടന്ന ദൌത്യം സംബന്ധിച്ച് പ്രതിബാധിക്കുന്നില്ലെങ്കിലും കാര്‍ഗില്‍ അടക്കം യുദ്ധങ്ങളില്‍ ഈ സൈനിക വിഭാഗത്തിന്‍റെ പങ്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്‍ റെജിമെന്‍റിനെ പേരെടുത്ത് പരാമര്‍ശിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്‍റെ ട്വീറ്റ്, ട്വീറ്റ് ആരാണ് സൃഷ്ടിച്ചത് എന്നത് സൈന്യം വ്യക്തമാക്കുന്നില്ല. അതേ സമയം ട്വീറ്റിന്‍റെ ഡിസ്ക്രിപ്ഷനില്‍ ചൈനയെ ട്രോളുകയാണ് സൈന്യം ചെയ്തത് എന്ന വാദമുണ്ട്. 

ഒരു മിനുട്ട് 57 സെക്കന്‍റ് നീളമാണ് ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് ഉള്ളത്. 1857, 1948,1965,1971,1999 വര്‍ഷങ്ങളില്‍ ബീഹാര്‍ റെജിമെന്‍റ് ചെയ്ത സംഭാവനങ്ങള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ 'പൊരുതാനായി ജനിച്ചവര്‍, അവര്‍ ബാറ്റുകള്‍ അല്ല, ബാറ്റ്മാന്മാരാണ്' എന്ന് പറയുന്നു. 

ബാറ്റുകള്‍ അല്ല എന്നത് ഇപ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ സൂചിപ്പിക്കുന്നതാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേ സമയം ഇന്ത്യന്‍ സൈനികര്‍ സൂപ്പര്‍ഹീറോമാരാണ് എന്നും സൂചിപ്പിക്കുന്നു.

ജൂണ്‍ 20ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം പതിനാലായിരത്തോളം ലൈക്കാണ് നേടിയിരിക്കുന്നത്. മുന്‍ മേജറും പ്രഭാഷകനുമായ മേജര്‍ അഖില്‍ പ്രതാപാണ് വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടും ഈ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ബിഹാര്‍ റെജിമെന്‍റിന്‍റെ യുദ്ധകാഹളമായ ബജിറംഗബലി കീ ജയ് വിളിച്ചാണ് വീഡിയോ അവസാനിക്കുന്നത്.