കറൻസി നോട്ടുകൾ എറിയുന്ന ആളുടെ മുഖം പകുതി തുണികൊണ്ട് മറച്ചിരുന്നു. യുവാക്കൾ എറിഞ്ഞത് വ്യാജനോട്ടുകളോ യഥാർത്ഥമോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ദില്ലി: ​ഗുരു​ഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഈ‌‌യടുത്ത് ഷാഹിദ് കപൂർ നായകനായി അഭിനയിച്ച ഫർസി എന്ന വെബ്സീരിസിൽ സമാനമായ രം​ഗമുണ്ടായിരുന്നു. ഒരാൾ കാർ ഓടിക്കുകയും മറ്റൊരാൾ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് നോട്ടുകൾ റോഡിലേക്ക് വാരി എറിയുന്നതും കാണാം. ഈ രംഗം പുനരാവിഷ്കരിക്കുകയാണ് യുവാക്കൾ ചെയ്തതെന്ന് പൊലീസ് കരുതുന്നു. 

വീഡിയോയുടെ പശ്ചാത്തലമായി പാട്ടും കേൾക്കാം. കറൻസി നോട്ടുകൾ എറിയുന്ന ആളുടെ മുഖം പകുതി തുണികൊണ്ട് മറച്ചിരുന്നു. യുവാക്കൾ എറിഞ്ഞത് വ്യാജനോട്ടുകളോ യഥാർത്ഥമോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ റീലുകളായി ഇരുവരും വീഡിയോ അപ്‌ലോഡ് ചെയ്തു. വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ രണ്ട് പേർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു.

ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്തെന്നും ഡിഎൽഎഫ് ഗുരുഗ്രാം എസിപി വികാസ് കൗശിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

Scroll to load tweet…