ട്വിറ്ററിലെ ട്രെന്‍റിംഗില്‍ നേശാമണി ഒന്നാമതെത്തിയതൊന്നും അറിയാതെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ വീട്ടിലാണ് നേശാമണിയിപ്പോള്‍

ട്വിറ്റര്‍ ലോകം മുഴുവന്‍ നേശാമണിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. ചുറ്റിക വീണ് തലയ്ക്ക് പരിക്കേറ്റ നേശാമണിക്ക് ഒന്നും വരുത്തരുതേയെന്നാണ് പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥനയിപ്പോള്‍ നരേന്ദ്രമോദിയെയും പിന്തള്ളി ട്വിറ്ററില്‍ ട്രെന്‍റിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ട്രെന്‍റിംഗില്‍ ഒന്നാമതെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം തിരഞ്ഞത് ആരാണ് സാക്ഷാല്‍ നേശാമണിയെന്നാണ്.

ആള്‍ ഇതാ ഇവിടെയുണ്ട്. ട്വിറ്ററിലെ ട്രെന്‍റിംഗില്‍ ഒന്നാമതെത്തിയതൊന്നും അറിയാതെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ വീട്ടിലാണ് നേശാമണിയെന്ന വടിവേലുവുള്ളത്. തമിഴ് സൂപ്പര്‍ കൊമേഡിയന്‍ വടിവേലുവാണ് സാക്ഷാല്‍ നേശാമണി. ഞെട്ടേണ്ട ആളതു തന്നെയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ജയറാം ചിത്രം ഫ്രണ്ട്സിന്‍റെ തമിഴ് റീമേക്കിലാണ് നേശാമണിയെന്ന കഥാപാത്രമുള്ളത്. മലയാളത്തില്‍ ജഗതി ചെയ്ത കഥാപാത്രത്തെ തമിഴില്‍ നേശാമണിയെന്ന പേരില്‍ അവതരിപ്പിച്ചത് വടിവേലുവായിരുന്നു. നേശാമണിയെക്കുറിച്ചും ട്വിറ്ററിലെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ വടിവേലുവിന്‍റെ പ്രതികരണമിങ്ങനെ. 

"അങ്ങനെയൊരു സംഭവം നടക്കുന്നുണ്ടോ? ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല
നേശാമണിയിലൂടെ അങ്ങനെ ഞാന്‍ ലോകപ്രശസ്തനായല്ലേ. എല്ലാവര്‍ക്കും നന്ദി. ഞാന്‍ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരെയും ചിരിപ്പിച്ചിട്ടുമുണ്ട്. ഈ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ സൂര്യക്കും വിജയ്ക്കും ഒപ്പമായിരുന്നു അഭിനയിച്ചത്. അത് പക്ഷേ 2001 ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു". ഇപ്പോള്‍ പക്ഷേ ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ലെന്നും വടിവേലു പറയുന്നു. 

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ പേജില്‍ ഒരു കൂട്ടം സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ചുറ്റികയുടെ ചിത്രത്തിനൊപ്പം ആ വസ്തുവിന് നിങ്ങളുടെ രാജ്യത്ത് എന്താണ് പറയുന്നതെന്ന ചോദ്യവും പങ്കുവെച്ചതോടെയാണ് നേശാമണി സംഭവങ്ങളുടെ തുടക്കം. ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഒരു വടിവേലു ആരാധകന്‍ ചുറ്റികയെ തമിഴ് സിനിമയായ 'ഫ്രണ്ടസി'ലെ വടിവേലു അവതരിപ്പിച്ച നേശാമണി എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചു.

ചുറ്റിക തലയില്‍ വീണ് നേശാമണിക്ക് പരിക്ക് പറ്റിയെന്ന് ആരാധകന്‍ കുറിച്ചതോടെ കമന്‍റുകളുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. ചുറ്റിക തലയില്‍ വീണ നേശാമണിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ പ്രചരിച്ചു. അങ്ങനെ മോദിയെ പിന്തള്ളി ട്വിറ്ററില്‍ നേശാമണി ഹിറ്റായി. 

Scroll to load tweet…