ദില്ലി: ദളിതരെ ചീത്തവിളിയ്‌ക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുകയും ചെയ്‌തുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വീഡിയോയിലുള്ള യുവതി ആരാണെന്ന്‌ ഇനിയും കണ്ടെത്തിയിട്ടില്ല. തനിക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കാത്തത്‌ ദളിതര്‍ക്ക്‌ സംവരണം ലഭിക്കുന്നതുകൊണ്ടാണെന്നാണ്‌ യുവതി വീഡിയോയില്‍ ആരോപിക്കുന്നത്‌.

തൊട്ടുകൂടാത്തവര്‍ എന്നര്‍ത്ഥം വരുന്ന അസഭ്യവാക്ക്‌ ഉപയോഗിച്ചാണ്‌ യുവതി വീഡിയോയിലുടനീളം ദളിതരെ പരാമര്‍ശിക്കുന്നത്‌. സംവരണം ഉള്ളതുകൊണ്ട്‌ അവര്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ തന്റെ തലയ്‌ക്ക്‌ മുകളില്‍ കയറിയിരിക്കുകയാണെന്നും യുവതി പറയുന്നു. ഉന്നതജാതിക്കാരില്‍ നിന്നും സര്‍ക്കാര്‍ ജോലികള്‍ ദളിതര്‍ തട്ടിപ്പറിക്കുകയാണെന്നാണ്‌ യുവതി പറയുന്നത്‌.

തുടര്‍ന്ന്‌ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തനിക്കിഷ്ടമാണെന്ന്‌ പറയുന്ന യുവതി ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്‌. വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ മറ്റ്‌ വിവരങ്ങളെക്കുറിച്ചോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. നദീം എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ്‌ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.