ദില്ലി: ഒരു പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താനുളള ഇന്ത്യക്കാരുടെ ബുദ്ധിയെ സമ്മതിക്കാതെ തരമില്ല എന്ന് മനസ്സിലാകും ഈ ചിത്രങ്ങൾ കണ്ടാൽ. പ്രതീക്ഷിക്കാത്ത വസ്തുക്കളെ വ്യത്യസ്തമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള കഴിവിനെയും സമ്മതിച്ചു കൊടുക്കേണ്ടി വരും ചില ഘട്ടങ്ങളിൽ അത്തരം ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് പ്രാരംഭഘട്ടത്തിലാണ് ഇത്തരം ചെറുവിദ്യകൾ എല്ലാവരും പുറത്തെടുത്തിരിക്കുന്നത്. ട്വിറ്ററിൽ വൈറലായ ചില ചിത്രങ്ങളെ പരിചയപ്പെടുത്താം.

ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപികയാണ് ആദ്യത്തെ ട്വീറ്റില്‍. ക്ലാസ്സുകൾ ഓൺലൈനായി കുട്ടികൾക്ക് കാണാൻ വേണ്ടി വ്യത്യസ്തമായിട്ടാണ് അധ്യാപികയുടെ സജ്ജീകരണം. ഒരു കസേരയിൽ ഹാം​ഗർ സെറ്റ് ചെയ്ത് അതിനുള്ളിലായി മൊബൈലും സെറ്റ് ചെയ്താണ് അധ്യാപിക ക്ലാസെടുക്കുന്നത്. അതായത് വീട്ടിനുള്ളിൽ കിട്ടിയ വസ്തുക്കളെല്ലാം പ്രയോജനപ്പെടുത്തി എന്ന് സാരം.

കൊറോണക്കാലവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ ട്വീറ്റ്. സാമൂഹിക അകലം പാലിക്കാനാണ് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടത്. പാൽ വിൽക്കാൻ‌ വന്ന വ്യക്തി സാമൂഹിക അകലം പാലിക്കാൻ കണ്ടുപിടിച്ച വിദ്യ ഇതാണ്. പാൽപാത്രത്തിൽ നിന്നും ഒരു കുഴൽ ഘടിപ്പിച്ചാണ് പാൽക്കാരൻ‌ സാമൂഹിക അകലം പ്രായോ​ഗികമാക്കിയത്. കുഴലിനുള്ളിലൂടെ ഉപഭോക്താക്കൾക്ക് പാൽ ലഭിക്കുകയും ചെയ്യും. 

യാത്ര ചെയ്യുമ്പോൾ സാമൂഹിക അകലം പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടായ സം​ഗതിയാണ്. എന്നാൽ തന്റെ ഓട്ടോയിൽ കയറുന്ന ആളുകൾക്ക് സാമൂഹിക പാലനത്തിന് അവസരം ഒരുക്കിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. ഓട്ടോയുടെ പിൻഭാ​ഗം മൂന്ന് മുറികൾക്ക് സമാനമായ രീതിയിൽ തിരിച്ചാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്, വീഡിയോ ദൃശ്യങ്ങളിൽ ഈ സജ്ജീകരണങ്ങൾ വ്യക്തമാണ്.