വീഡിയോ ദൃശ്യങ്ങൾക്കൊടുവിൽ പെൺകുട്ടിയുടെ കൈ പിടിച്ച് ഇവർ നടന്നു പോകുന്നതും കാണാം

മുംബൈ: കാഴ്ചയില്ലാത്ത മാതാപിതാക്കളെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മുംബൈയിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ നിന്നാണ് ഹൃദയം കവരുന്ന ഈ വീഡിയോ. ഇൻസ്റ്റാഗ്രാം ഉപയോക്താവായ മിത്ത് മംബൈക്കര്‍ എന്നയാള്‍ നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. 4 മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരു മില്യണിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

"ആദ്യമായി അവരെ കണ്ടപ്പോൾ ഞാൻ വളരെ വികാരാധീനനായി. എല്ലാ ദിവസവും അവർ ഈ കടയിലേക്ക് വരുന്നത് ഞാൻ കാണുകയായിരുന്നു. (മൗലി വഡെ - ജാംഗിദ്, മീരാ റോഡ്) മാതാപിതാക്കൾ അന്ധരാണ്, പക്ഷേ അവർ ലോകത്തെ കാണുന്നത് അവരുടെ മകളുടെ കണ്ണിലൂടെയാണ്. ഈ കൊച്ചു പെണ്‍കുട്ടി നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. 'നിങ്ങളുടെ മാതാപിതാക്കളേക്കാള്‍ വലുതായി ആരും നിങ്ങളോട് കരുതല്‍ കാണിക്കില്ല. അതിനാല്‍ അവര്‍ നമ്മളോടൊപ്പമുള്ളപ്പോള്‍ അവരെ പരിപാലിക്കുക'. ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കുക. ഈ പെണ്‍കുട്ടിയെ വൈറലാക്കുക'! എന്ന അടിക്കുറിപ്പാണ് മിത്ത് പോസ്റ്റിനൊപ്പം പങ്കുവെച്ചത്.

വീഡിയോ ദൃശ്യങ്ങൾക്കൊടുവിൽ പെൺകുട്ടിയുടെ കൈ പിടിച്ച് ഇവർ നടന്നു പോകുന്നതും കാണാം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്. സന്തോഷത്തോടെ, പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് എല്ലാവരുടെയും പ്രതികരണം. 

View post on Instagram