ക്യാബ് ഡ്രൈവറെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗാസിയാബാദ്: കാറിൽ ഇടിച്ചത് ചോദ്യം ചെയ്ത ക്യാബ് ഡ്രൈവറെ ബോണറ്റിൽ തൂക്കി 23 കാരൻ കാർ ഓടിച്ചത് രണ്ട് കിലോമീറ്റർ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ക്യാബ് ഡ്രൈവറെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
23 വയസുകാരനായ രോഹൻ മിത്തലാണ് ക്യാബ് ഡ്രൈവറെ ബോണറ്റിൽ തൂക്കി കാർ ഓടിച്ചത്. നോയിഡ 62 വഴി വരികയായിരുന്ന ക്യാബ് ഡ്രൈവർ വിർഭൻ സിംഗിന്റെ കാറിൽ അമിത വേഗത്തിൽ വന്ന രോഹന്‍റെ കാർ ഇടിച്ചു. ഇതോടെ വിർഭൻ യുവാവിന്റെ കാർ തടഞ്ഞ് നിർത്തുകയും ഇയാളോട് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കാറുമായി വേഗത്തില്‍ ഓടിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കാറിന്റെ ബോണറ്റിൽ പിടിച്ച വിർഭൻ സിംഗിനെയും കൊണ്ട് വേഗത്തിൽ വാഹനം ഓടിക്കുകയായിരുന്നു യുവാവ്. രണ്ടു കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങികിടന്ന വീർഭനെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രോഹൻ മിത്തലിനെതിരെ ഇന്ദിരാപുരം പൊലീസ് കേസെടുത്തു.
