മനീഷ കൊയ് രാളയാണ് നർഗീസ് ദത്ത് ട്വിറ്റർ ആരാധകരാണ് ഈ സാദൃശ്യത്തെ ആഘോഷിക്കുന്നത്
ദില്ലി: സഞ്ജയ് ദത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്ന രാജ്കുമാർ ഹിരാനി ചിത്രമാണ് സഞ്ജു. സഞ്ജയ് ദത്തായി വെള്ളിത്തിരയിലെത്തുന്ന രൺബീറിന്റെ രൂപമാറ്റം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ മനീഷ കൊയ് രാളയും രൺബീറും ഉൾപ്പെടുന്ന സഞ്ജുവിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ചിത്രത്തിൽ സഞ്ജയ് ദത്തിന്റെ അമ്മയായി അഭിനയിക്കുന്ന മനീഷയും യഥാർത്ഥ അമ്മ നർഗീസ് ദത്തും തമ്മിലുള്ള അത്ഭുതപ്പെടുത്തുന്ന സാദൃശ്യമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.
തൊണ്ണൂറുകളിൽ സഞ്ജയ് ദത്തിന്റെ നായികയായിരുന്നു മനീഷ. അതുകൊണ്ട് തന്നെ അമ്മയായി അഭിനയിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് സംശയിച്ചിരുന്നതായി മനീഷ പറയുന്നു. യാൽഗർ, സനം, കാർത്തൂസ് എന്നിവയായിരുന്നു സഞ്ജയ് ദത്ത്-മനീഷ ജോടികൾ ഒന്നിച്ചഭിനയിച്ച സിനിമകൾ. നർഗീസ് ദത്തായി അഭിനയിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു കൊണ്ടാണ് മനീഷ തന്റെ ട്വിറ്ററിൽ സഞ്ജുവിന്റെ പോസ്റ്റർ പങ്കിട്ടത്.
ഇവർ തമ്മിലുള്ള സാദൃശ്യം രൺബീർ കപൂർ സഞ്ജയ് ദത്താകുമ്പോഴുള്ള രൂപമാറ്റത്തിന് മുന്നിൽ ഒന്നുമല്ലെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. മനീഷ കൊയ്രാള നർഗീസ് ദത്തായപ്പോഴുള്ള പോസ്റ്ററാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പോസ്റ്റർ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മനീഷയുടെ നർഗീസിന് കാണാതെയാണ് രൺബീറിന്റെ ലുക്കിനെപ്പറ്റി പറഞ്ഞത് എന്നായിരുന്നു മറ്റൊരു ആരാധകൻ. കഥാപാത്രങ്ങൾക്കായി താരങ്ങളെ തെരഞ്ഞെടുത്തിന്റെ പേരിൽ സഞ്ജുവിന്റെ സംവിധായകൻ രാജ്കുമാർ ഹിരാനിയ്ക്കും ആരാധകരുടെ വക അഭിനന്ദനങ്ങളുണ്ട്. എന്തായാലും ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ രണ്ട് ചിത്രങ്ങളും.
