Asianet News MalayalamAsianet News Malayalam

മീശപ്പുലിമലയില്‍ വനപാലകര്‍ക്ക് സന്ദര്‍ശകരുടെ മര്‍ദ്ദനം

Visitors attacked forest officials in Meesapulimala
Author
First Published Dec 27, 2017, 11:14 PM IST

ഇടുക്കി: സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ മീശപ്പുലിമലയില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിനോദ സഞ്ചാര സംഘത്തിന്റെ മര്‍ദ്ദനം. അനധികൃതമായി കടന്നുകയറിയ വിനോദസഞ്ചാര സംഘത്തെ തടയാന്‍ ശ്രമിച്ചത്തിനായിരുന്നു അക്രമം. തമിഴ്‌നാട്ടില്‍ നിന്നും കൊളുക്കുമല വഴി നിയമാനുസൃതമല്ലാത്ത പാസുമായെത്തിയ സംഘത്തെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനകവാടത്തിങ്കല്‍ തടഞ്ഞത്. 

എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി പോയ സംഘത്തിലെ ഒരുപറ്റം ആളുകള്‍ തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം കുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരായ സുരേന്ദ്രന്‍ മോഹനന്‍, മുനിയസ്വാമി എന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ പെട്ടന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ മീശപ്പുലിമലയില്‍ ട്രക്കിങ്ങും താമസവും ഭക്ഷണവും ഉള്‍പ്പെടെ രണ്ട് പേര്‍ക്കായി 3500 രൂപയുടെ പാക്കേജാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. മുന്‍ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് വിനോദ സഞ്ചാരികള്‍ക്കായി മീശപ്പുലിമലയില്‍ പാസ് ഏര്‍പ്പെടുത്തിയത്. അതീവ അപകട മേഖലയായ മീശപ്പുലിമലയില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.ഇവരെയാണ് തമിഴ്‌നാട് അതിര്‍ത്തികടന്നെത്തിയ വിനോദ സഞ്ചാര സംഘം കുറുവടികളുമായി ആക്രമിച്ചത്.

തമിഴ്‌നാട്ടിലെ സ്വകാര്യ ടീ ഫാക്ടറി നല്‍കിയ 100 രൂപയുടെ നിയമാനുസൃതമല്ലാത്ത പാസായിരുന്നു സഞ്ചാരികളുടെ കൈവശമുണ്ടായിരുന്നത്.100 രൂപ പാസുപയോഗിച്ച് മുകളിലേക്ക് പോകാനാകില്ലെന്നറിയിച്ചതോടെ മടങ്ങി പോയ സംഘത്തിലെ ഒരുപറ്റം ആളുകള്‍ തിരികെ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് ചിക്തസയില്‍ കഴിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൂര്യനെല്ലിയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ മേഖലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തമിഴ്‌നാട് വഴി കുറഞ്ഞ നിരക്കില്‍ മീശപ്പുലിമലയില്‍ എത്തിക്കാമെന്ന പറഞ്ഞ് കബളിപ്പിച്ച് കൊണ്ടുപോയി തമിഴ്‌നാട്ടിലെ കൊളുക്ക്മല ടീഫാക്ടറിയുടെ 100 രൂപ പാസ് ഏര്‍പ്പാടാക്കി നല്‍കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത്തരത്തില്‍ പാസുമായി മുകളിലെത്തുന്നവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാകുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ചൊവ്വാഴ്ച്ച നടന്ന സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Follow Us:
Download App:
  • android
  • ios