തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിന് കരിങ്കല്‍ ഇറക്കാന്‍ വീണ്ടും ആവശ്യം. ഇക്കാര്യം വ്യക്തമാക്കി കരാറുകാര്‍ക്ക് അദാനി ഗ്രൂപ്പ് നിര്‍ദേശം നല്‍കി. പുലിമുട്ട് നിര്‍മാണത്തിന് കരിങ്കല്ലിനുപകരം ഇരുന്പ് ഷീറ്റ് ഉപയോഗിക്കാനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.
വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിര്‍മ്മാണം അദാനി ഗ്രൂപ്പ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരിങ്കല്ലിന് പകരം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കാനായിരുന്നു നീക്കം. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള പുലിമുട്ട് നിര്‍മാണം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിമര്‍ശനമുയര്‍ന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. മുഖ്യമന്ത്രിയും വ്യവസായ തുറമുഖ മന്ത്രിമാരും പ്രശ്‌നത്തിലിടപെട്ടു. തുടര്‍ന്നാണ് പാറകൊണ്ടുതന്നെ പുലിമുട്ട് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. ഇക്കാര്യം മെയില്‍ മുഖേനെ കരാറുകാരെ അറിയിക്കുകയും ചെയ്തു.
സംസ്ഥാനത്ത് കരിങ്കല്‍ ക്ഷാമമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടന്നിരുന്നു. എന്നാല്‍ 25 ലക്ഷം മെട്രിക് ടണ്‍ കരിങ്കല്ല് ഇപ്പോള്‍ സ്‌റ്റോക്കുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്.
