വിഴിഞ്ഞം തുറമുഖത്ത് മൂന്ന് കിലോമാറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കേണ്ടത്. പുലിമുട്ടിനായി 50 ലക്ഷം ടണ്‍ കരിങ്കല്ല് വേണമെന്നാണ് കണക്ക്. കരിങ്കല്ല് ലഭ്യമാക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ കഴിഞ്ഞ അഞ്ച് മാസമായി തകൃതിയായി കരിങ്കല്ല് തുറമുഖത്ത് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളോട് കല്ലിറക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കമ്പനിക്ക് നല്‍കിയ മെയിലില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കരിങ്കല്ല് ഇറക്കേണ്ടെന്ന് വ്യക്തമാക്കുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

കരിങ്കല്ല് ഉപയോഗിച്ചുള്ള പുലിമൂട്ടിന് പകരം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള ഷീറ്റ് പൈലിംഗിന് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്.. ഇന്ത്യയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഇരുമ്പ് കൊണ്ടുള്ള പുലിമുട്ട് ഗുരുതര പാരിസ്ഥിതിക പ്രശനത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സിങ്ക് സിലിക്കേറ്റ് പ്രൈമര്‍, എപോക്‌സി കോട്ടിംഗ് അടക്കമുള്ളവ ചെയ്താണ് ഇരുമ്പ് പാളികള്‍ കടലില്‍ നിക്ഷേപിക്കണ്ടത്. ഇവ മത്സ്യ സമ്പത്തടക്കം ഇല്ലാതാക്കും.

വിഴിഞ്ഞം കരാര്‍ അനുസരിച്ച് പുലിമുട്ട് നിര്‍മ്മിച്ചു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കരിങ്കല്ല് ഉപയോഗിച്ചുള്ള പുലിമുട്ട് നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തനിലയില്‍ മാറ്റി മറിച്ചിട്ടും പദ്ധതി തന്നെ നിലച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ പ്രശനത്തില്‍ ഇടപെട്ടിട്ടില്ല.