ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ശശികല പക്ഷത്ത് ഭിന്നത രൂക്ഷം.പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തെ പരസ്യമായി സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശശികലക്കും ടിടിവി ദിനകരനും വ്യക്തമായ മുന്നറിയിപ്പ് നല്‍കി. രാത്രി വൈകി മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, തങ്കമണി എന്നിവരുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയ 20 ലേറെ മന്ത്രിമാരുടെ സംഘം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അഭ്യൂഹം പരന്നെങ്കിലും ശശികലയ്ക്കോ ദിനകരനോ എതിരെ പരസ്യ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല.
എന്നാല്‍ പനീര്‍ശെല്‍വം പക്ഷവുമായുള്ള ലയനത്തിന് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിഭാഗം മന്ത്രിമാരും എംഎല്‍എമാരും ശശികലയും ടിടിവി ദിനകരനും പാര്‍ട്ടി പദവികള്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
ശശികല കുടുംബത്തെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച പനീര്‍ശെവത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാര്‍ വ്യക്തമായ സൂചനയാണ് ശശികലക്കും ദിനകരനും ഇന്നലെ നല്‍കിയത്. ദിനകരനും ശശികലയും രാജിവച്ചെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാകക്കിയെന്നുമുളള പ്രചാരണം എന്നാല്‍ ഇവര്‍ തള്ളിക്കളഞ്ഞു. ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതതോടെ ദിനകരന് പാര്‍ട്ടിയിലുള്ള സ്വാധീനത്തിന് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പനീര്‍ശെല്‍വത്തെ സ്വാഗതം ചെയ്തത്.
എങ്കിലും ഇപ്പോഴും 30 ഓളം എം എല്‍ എ മാര്‍ ദിനകരനൊപ്പമുണ്ട്. ഇവരുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനികില്ല എന്ന സാഹചര്യത്തിലാണ് ശശികല കുടുംബത്തിനെതിരെ പരസ്യ പ്രതികരണം ഉണ്ടാകാതിരുന്നതെന്നാണ് സൂചന. ദില്ലി പൊലീസ് സംഘം ദിനകരനെ ഇന്ന് കസ്റ്റഡിയിലെടുത്താല്‍ കൂടുതല്‍ എം എല്‍ എമാര്‍ മറുകണ്ടം ചാടിയേക്കും. അങ്ങനെ വന്നാല്‍ പളനിസ്വാമി മുഖ്യമന്ത്രിയും പനീര്‍ ശെല്‍വം ജനറല്‍ സെക്രട്ടറിയും ആയിക്കൊണ്ടുള്ള ഫോര്‍മുലയാണ് പരിഗണനയിലുള്ളത്.
എല്ലാ എംഎല്‍എമാരോടും ഇന്ന് ചെന്നൈയിലെത്താന്‍ മുഖ്യമന്ത്രി പളനിസ്വാമി നിര്‍ദേശിച്ചിട്ടുണ്ട്.സര്‍ക്കാരിനെ വീഴ്ത്തി തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ബഹുഭൂരിപക്ഷം പേര്‍ക്കും താത്പര്യമില്ല. അതുകൊണ്ടുതന്നെ എംഎല്‍എ മാരുടെ മനസറിഞ്ഞ ശേഷമാകും തുടര്‍നീക്കങ്ങള്‍ നടക്കുക.
