അതുകൊണ്ടാണ് ഭര്‍ത്താവ് നടരാജന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത് തനിയ്ക്ക് സ്വാധീനമുള്ള മികച്ച ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പടെ നിയമിയ്ക്കാന്‍ ശശികല തീരുമാനിച്ചത്. സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി കെ എന്‍ സത്യമൂര്‍ത്തിയുള്‍പ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ മാറ്റി തീര്‍ത്തും പുതിയ ടീമിനെ നിയമിയ്ക്കാനാണ് ശശികലയുടെ നീക്കം. ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായേക്കും. മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. 

വരള്‍ച്ച ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ക്കിടയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാകും ശശികല ആദ്യം ശ്രമിയ്ക്കുക. പൊതുജനങ്ങള്‍ക്കിടയിലെ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ജയലളിതയുടെ പേരില്‍ പദ്ധതികള്‍ പ്രഖ്യാപിയ്ക്കാനും ടാസ്മാക് കടകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പടെയുള്ള ജനപ്രിയപ്രഖ്യാപനങ്ങള്‍ നടത്താനുമാണ് ശശികല ലക്ഷ്യമിടുന്നത്. വരാനിരിയ്ക്കുന്ന രൂക്ഷവരള്‍ച്ചയെയും കാര്‍ഷികപ്രതിസന്ധിയെയും ശശികല എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടി വരും. ഇതിനു മുന്നോടിയായി കലക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗം ശശികല വിളിച്ചുചേര്‍ക്കും.

കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയ്ക്ക് അനഭിമതമായി മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയ ശശികലയ്ക്ക് കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധം സൂക്ഷിയ്ക്കുകയെന്നത് തന്നെയാണ് പ്രധാനവെല്ലുവിളി. രാഷ്ട്രീയപരമായി ശശികലയ്ക്ക് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്ന് വലിയ കടന്നാക്രമണങ്ങള്‍ നേരിടേണ്ടി വരും. ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുക എന്നതും അനധികൃതസ്വത്ത് സന്പാദനക്കേസിലെ വിധിയും ശശികലയെ കാത്തിരിയ്ക്കുന്നു. 

ഫെബ്രുവരി 24 ന് ജയലളിതയുടെ ജന്‍മദിനത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിയ്ക്കുമെന്ന് വ്യക്തമാക്കുന്ന ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരു വശത്തുണ്ട്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ മണ്ണാര്‍ഗുഡി മാഫിയയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ബന്ധുക്കളെ നിയമിച്ചാല്‍ പൊതുജനരോഷം നേരിടേണ്ടിവരുമെന്നതിനാല്‍ അത്തരം നീക്കം ശശികല ഉടന്‍ നടത്തില്ല. എന്തായാലും തമിഴ്‌നാട്ടില്‍ വരാനിരിയ്ക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ചുള്ള ജനവികാരം പ്രതിഫലിയ്ക്കുമെന്നുറപ്പാണ്.