കുവൈത്ത്‌സിറ്റി: ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മന്ത്രി വി.കെ.സിംഗിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഇഖാമ നിയമം ലംഘിച്ച തൊഴിലാളികളുടെ പിഴ ഒടുക്കാമെന്നും, മടക്ക യാത്രയ്ക്ക് ടിക്കറ്റ് കൊടുക്കാമെന്നും വ്യക്തമാക്കി കമ്പനി സര്‍ക്കുലര്‍ ഇറക്കി. വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന തൊഴിലാളികളില്‍ ആനുകൂല്ല്യങ്ങള്‍ ഒന്നും വാങ്ങാതെ നാട്ടില്‍ പോകാനാഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചാണ് കമ്പിനി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇവരുടെ ഇഖാമ നിയമലംഘനത്തിന്റെ പേരിലുള്ള പിഴയും മടക്ക് യാത്ര ടിക്കറ്റ് നല്‍കുമെന്നണ് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.കെ.സിംഗിന്റെ സന്ദര്‍ശനത്തിന്റെ നാലാം നാള്‍ കമ്പനി അറിയിച്ചിരിക്കുന്നത്. 

സര്‍ക്കുലര്‍ എല്ലാ ലേബര്‍ ക്യാമ്പുകളിലും എത്തിയിട്ടില്ല.എന്നാല്‍, ഒരു വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇതുവരെ നടപടി സ്വീകരിക്കാത്തവര്‍ പൊടുന്നനെ എടുത്ത നിലപാടിനോട് സഹകരക്കേണ്ടതില്ലന്നാണ് തെഴിലാളികളുടെ പക്ഷം. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ.സിംഗ് കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെത്തി വിദേശകാര്യ വകുപ്പ് മന്ത്രി അടക്കമുള്ള ഉന്നതരുമായുള്ള ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഇഖാമ നിയമലംഘനകരായി മാറിയവരുടെ പിഴ ഒഴിവാക്കാനും, വിസ മറ്റ് കമ്പനികളിലേക്ക് മാറ്റുന്നത് അടക്കമുള്ള കര്യങ്ങള്‍ മന്ത്രിസഭയുടെ മുന്നില്‍ വയ്ക്കുമെന്ന് ഉറപ്പും ലഭിച്ചതായും അറിയുന്നു. 

വി.കെ.സിംഗ് അതിന് ശേഷം കമ്പനിയുടെ ഷുഎൈബാ ക്യാമ്പിലെത്തി രണ്ട് മണിക്കൂറോളം തൊഴിലാളികളുടെ വിഷമതകള്‍ ചോദിച്ചറഞ്ഞു. തുടര്‍ന്ന്, ഒരു മാസത്തിനുള്ളില്‍ വിഷയത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് പരിഹാരമാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ വരവിന് ശേഷം അനന്തര നടപടികള്‍ക്കായി ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗവും, പബല്‍ക് അതോറിറ്റി ഫോര്‍ മാന്‍ പവറുമായി ചര്‍ച്ചകള്‍ നടത്തി വരുകയുമാണ്.