തിരുവനന്തപുരം: യു.ഡി.എഫ് പടയൊരുക്കം സമാപന സമ്മേളനത്തില്‍ നിന്നുള്ള വി.എം സുധീരന്‍റെ വിട്ടുനില്‍ക്കല്‍ ഓഖി ദുരന്തത്തിനിടെ സമ്മേളനം നടത്തിയതിനാലാണെന്ന് സൂചന. ദുഖാവസ്ഥ മാറും വരും സമ്മേളനം മാറ്റി വെയ്‌ക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. അതേ സമയം ഇതേക്കുറിച്ച് പരസ്യ ചര്‍ച്ചയ്‌ക്കില്ലെന്നാണ് വി.എം സുധീരന്‍റെ പ്രതികരണം 

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്. മൃതദേഹങ്ങള്‍ കണ്ടെടുത്തു കൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തില്‍ പടയൊരുക്കം സമാപന സമ്മേളനം വേണ്ടെന്നു സങ്കടാവസ്ഥ മാറിയിട്ട് സമ്മേളനം നടത്താമെന്നുമായിരുന്നു സുധീരന്‍ അടക്കമുള്ളവരുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന പരിപാടി മാത്രമാക്കുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടു. പക്ഷേ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി പടയൊരുക്കം സമ്മേളനം നടത്താനായിരുന്നു യു.ഡി.എഫ് തീരുമാനം. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ സമാപന സമ്മേളനത്തില്‍ നിന്ന് വി.എം സുധീരന്‍ വിട്ടു നിന്നത്. ഓഖി ദുരന്തത്തിന്‍റെ ദുഖാവസ്ഥ നിലനില്‍ക്കുമ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. 

ഇതേക്കുറിച്ച് പരസ്യ ചര്‍ച്ചയ്‌ക്കില്ലെന്നാണ് വി.എം സുധീരന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകാനിടയുണ്ട്. അതേ സമയം പടയൊരുക്കം യാത്രയോടെ യു.ഡി.എഫ് ശക്തിപ്പെട്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്‌ടമായ ജനപിന്തുണ തിരിച്ചു പിടിക്കാനായെന്നുമാണ് മുന്നണി വിലയിരുത്തല്‍.