പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കി ഭരണനേതൃത്വത്തിന്റെ മനോഭാവത്തിന് മാറ്റം വേണം
തിരുവനന്തപുരം: എടപ്പാളിലെ സിനിമ തീയറ്ററിൽ അമ്മയുടെ ഒത്താശയോടെ പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരളത്തിന് അപമാനകരമായ ഈ ക്രൂരസംഭവത്തിലെ കുറ്റവാളിയായ വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീയ്ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കുറ്റവാളികളാണ്.
ഒരു സബ് ഇൻസ്പെക്ടറുടെ പേരിലുള്ള നടപടി മാത്രം പോരാ. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ കൃത്യവിലോപം നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണെമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരന്‍റെ പ്രതികരണം.
മാതൃദിനമായ ഇന്ന് അമ്മമാർ വ്യാപകമായി ആദരിക്കപ്പെടുകയാണ്. എന്നാൽ ഈ കുറ്റകൃത്യത്തിലെ സ്ത്രീ അമ്മ എന്ന ദിവ്യമായ പദത്തിന് തീരാകളങ്കമാണ് വരുത്തിവച്ചിരിക്കുന്നത്. ഈ സംഭവത്തിൽ യഥാസമയം ഉചിതമായി ഇടപ്പെട്ട തിയേറ്റർ ഉടമസ്ഥരെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നു.
ഇപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ പൊലീസ് കരുക്കൾ നീക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. തങ്ങളുടെ വീഴ്ചകൾ പുറത്തുകൊണ്ടുവരുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുന്ന ഇത്തരം ശൈലി പോലീസിന് കൂടുതൽ നാണക്കേട് ഉണ്ടാക്കുകയേയുള്ളൂ. നമ്മുടെ പോലീസ് സംവിധാനത്തിന് എന്തുപറ്റി എന്ന ചോദ്യം നാടാകെ ഉയർന്നിരിക്കുകയാണ്. പേരിനെന്തെങ്കിലും കാട്ടിക്കൂട്ടിയത് കൊണ്ട് ഇതൊന്നും നേരെയാക്കാനാകില്ല. ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തിനും പ്രവർത്തനരീതിക്കും അടിമുടി മാറ്റം വന്നില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ നാട് കുട്ടിച്ചോറാകും-സംശയമില്ല, സുധീരന്‍ പറഞ്ഞു.
