കെ. ബാബുവിനെതിരായ വിജിലന്‍സ് നീക്കം ശക്തമാകുമ്പോഴും കെ.പി.സി.സി പ്രസിഡന്റ് മൗനത്തില്‍ തന്നെ. രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിരോധം തീര്‍ക്കുമ്പോഴും പിന്തുണക്കാന്‍ സുധീരനില്ല. അഴിമതി ആരോപണം നേരിട്ട ബാബുവിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാന്‍ ഹൈക്കമാന്റില്‍ സുധീരന്‍ ചെലുത്തിയത് കടുത്ത സമ്മര്‍ദ്ദം. ഇപ്പോള്‍ എങ്ങിനെ നിലപാട് മാറ്റുമെന്നാണ് സുധീരപക്ഷക്കാരുടെ ചോദ്യം. അന്ന് ശാഠ്യം പിടിച്ച് സീറ്റ് വാങ്ങിച്ചവര്‍ തന്നെ പ്രതിരോധിക്കട്ടെയെന്നാണ് സുധീരനെ അനുകൂലിക്കുന്നവരുടെ നിലപാട്.
അതേ സമയം ആപത്ത് കാലത്തെ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സംഘടനക്ക് ഗുണം ചെയ്യുമോ എന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് കാലത്തെ എ-ഐ ഗ്രൂപ്പുകളുടെ മറുചോദ്യം. ബാബുവിന് പിന്നാലെ ചുവപ്പു കാര്‍ഡുമായി ജേക്കബ് തോമസ് കൂടുതല്‍ മുന്‍മന്ത്രിമാരുടെ വീടുകളിലേക്ക് എത്തുമോ എന്ന ആശങ്കയും ഇരു ഗ്രൂപ്പുകള്‍ക്കുമുണ്ട്. അതിനിടെ ബാര്‍കോഴയില്‍ എന്നും ഇരട്ടനീതി വാദം ഉയര്‍ത്തിയിരുന്നു കെ.എം മാണി, ബാബുവിനെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നാണ് പ്രതികരിച്ചത്.
