വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംവിധായകൻ അഖിൽ മാരാർ. തെരഞ്ഞെടുപ്പ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് കുറ്റകൃത്യമായി കാണരുതെന്നും, നിയമത്തേക്കാൾ നീതിക്കാണ് താൻ വില നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശോഭ നിയമസഭയിൽ എത്തണമെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. വിഡ്ഢികളെ ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ എന്ന് അഖിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നത് കുറ്റകൃത്യമായി കാണുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

തെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദയനീയാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ കാണുമ്പോൾ അവരെ സഹായിക്കണമെന്ന് തോന്നാറുണ്ടെന്നും എന്നാൽ ചട്ടങ്ങൾ പറഞ്ഞ് നേതാക്കൾ അത് തടയാറാണെന്നും അദ്ദേഹം കുറിച്ചു. പാവപ്പെട്ടവരുടെ ദുരിതം വിറ്റു തിന്നുന്നവരാണ് കോൺഗ്രസും ഇടതുപക്ഷവുമെന്ന് അഖിൽ ആരോപിച്ചു. ഇത്രയും കാലം ജനങ്ങളെ പറ്റിച്ച് അവരുടെ ജീവിതം ഇല്ലാതാക്കിയവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഉപദേശമല്ല, പരിഹാരമാണ് വേണ്ടതെന്നാണ് ഈശ്വരൻ തന്നെ പഠിപ്പിച്ചത്. ഒരു പാവപ്പെട്ടവന്‍റെ ദുരിതം കേട്ട് സഹായിക്കുന്നത് മഹാപരാധമായി കാണുന്ന നിയമത്തേക്കാൾ നീതിക്കാണ് താൻ വില നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിൽ ശോഭാ സുരേന്ദ്രൻ എത്തണം. ശോഭ ചേച്ചി പാലക്കാട്‌ ജനതയുടെ ശബ്‍ദമായി തനിക്കൊപ്പം നിയമസഭയിൽ ഉണ്ടാവണം. നിയമം തെറ്റുകാരിയാക്കുമായിരിക്കും, പക്ഷേ നീതി അതിനെ ശരിവെക്കും. മുറിച്ചാൽ മുറി കൂടുന്ന ഇനങ്ങളെ കണ്ടിട്ടില്ലെങ്കിൽ കണ്ടോ എന്നും അഖിൽ മാരാർ തന്റെ പോസ്റ്റിൽ കുറിച്ചു.