ദിലീപിനെ തിരിച്ചെടുത്ത സിനിമ താരങ്ങളുടെ നിലപാടിന് വിമര്‍ശനം സംഘടന പുലർത്തിയ ആ "നീതിബോധ"ത്തിന്റെ പേര് പാട്രിയാർക്കി താരങ്ങളെ എസ്എഫ്ഐ പരിപാടികളില്‍ ക്ഷണിക്കുന്നത് പുനപരിശോധിക്കും

ദില്ലി: ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് രാജിവെച്ച നാലുനടിമാര്‍ക്ക് പിന്തുണയുമായി എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി ഫാന്‍സ് എടുക്കുന്നത് കണ്ടിട്ടും മൗനികളായ മഹാനടന്മാരില്‍ നിന്നും ഒരു സ്ത്രീക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമാണെന്നും ദിലീപ് വിഷയത്തിലെ നിലപാടുകള്‍ ഈ വിശ്വാസം ഊട്ടിയുറിപ്പിക്കുന്നതായും വി.പി സാനു കുറിച്ചു. 

എസ്എഫ്ഐ നേതൃത്വം നല്‍കുന്ന സര്‍വകലാശാല യൂണിയനുകളുടെ വിവിധ പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ട അതിഥികളായി ഇത്തരം ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഏറ്റവും ജനാധിപത്യവിരുദ്ധരും, അതിലുപരി ലിംഗനീതി എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര അന്ധരുമായ താരങ്ങളെ എസ്എഫഐ യുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷണിക്കുന്നത് പുനപരിശോധിക്കേണ്ടതാണ്- വി.പി സാനു പോസ്റ്റില്‍ പറയുന്നു.

എല്ലായിടത്തും ഏറ്റവും ജനപ്രിയമായ 'സിനിമ' എന്ന മാധ്യമം ആണധികാരത്തിന്‍റെ ആഘോഷങ്ങളായിരുന്നു. മീശപിരിക്കുന്ന ആണത്തമുള്ള നായകരും അവരുടെ ഡയലോഗുകളും ആഘോഷിക്കപ്പെടുകയും പൊതുബോധത്തിന്‍റെ മറവില്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു. താരരാജക്കന്മാര്‍ ജീവിതത്തിലുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ തങ്ങളുടെ സിനിമകളില്‍ നിന്നും വ്യത്യസ്തമല്ലെന്നാണ് രണ്ട് ദിവസങ്ങളായി തുടരുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

തന്റെ സഹപ്രവർത്തകയ്ക്കെതിരെ ഏറ്റവും ഹീനമായ കുറ്റകൃത്യം നടത്തിയെന്നപേരിൽ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തിരികെയെടുത്ത് സംഘടന പുലർത്തിയ ആ നീതിബോധ ത്തിന്‍റെ പേര് പാട്രിയാർക്കി എന്നല്ലാതെ മറ്റൊന്നുമല്ല. 'അമ്മ' എന്ന് നാമകരണം ചെയ്ത് സർവംസഹകളായി സംഘടനയിലെ വനിതാ അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനു നേർക്കാണ് മലയാളത്തിന്‍റെ പ്രിയനടിമാർ വെല്ലുവിളികളുയർത്തിയത്. 

എല്ലാ ഭീഷണികളെയും അതിജീവിച്ച്, കരിയർ വരെ പണയപ്പെടുത്തി, ഈ ലിംഗവിവേചനങ്ങൾക്കെതിരെ, അനീതികൾക്കെതിരെ ശബ്ദമുയർത്താൻ തയ്യാറായവരെ, തങ്ങളുടെ നിലപാട് ഉച്ചത്തിൽ പ്രസ്താവിച്ചുകൊണ്ട് അമ്മയിൽ നിന്നു രാജിവെച്ച മലയാളത്തിന്റെ നാലു നടിമാരെ അഭിവാദ്യം ചെയ്യുന്നതായും വി.പി സാനു കുറിച്ചു.