കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നില്‍ തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സമരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ ആയുധമായിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റായിപ്പോയെന്ന് വി.എസ് പ്രതികരിച്ചത്. നിയമസഭയില്‍ സ്വാശ്രയ പ്രശ്നം ഉയര്‍ത്തിയ പ്രതിപക്ഷ എം.എല്‍.എമാരോട് രൂക്ഷമായാണ് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. ഒരുവേള സമരക്കാരെ മാധ്യമങ്ങളാണ് കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞിരുന്നു.
വി.എസിന്റേത് സ്വാഭാവികമായ പ്രതികരണമാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ സമരം അഞ്ചാം ദിവസമായ ഇന്നും നിയമസഭയ്ക്ക് മുന്നില്‍ തുടരുകയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരം ചെയ്യുന്ന മറ്റ് എം.എല്‍.എമാരുടെ ആരോഗ്യ നിലയും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
