തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീളുമ്പോള്‍ തുറന്ന വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. മന്ത്രി തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നും വിഎസ് മുന്നറിയിപ്പു നല്‍കി.

രാജി നീട്ടാനുള്ള തന്ത്രങ്ങൾ എൻസിപി പയറ്റുമ്പോഴാണ് വിഎസ് തുറന്നടിച്ചത്. ഇടതുമുന്നണി യോഗത്തില്‍ സജീവ ആവശ്യമായി ഉയര്‍ന്നുവന്നിട്ടും രാജി നീണ്ടുപോകുന്നതിലെ അതൃപ്തിയാണ് വിഎസ് പരസ്യമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഷയത്തില്‍ തുടരുന്ന മൗനത്തെയും തന്റെ പ്രതികരണത്തിലൂടെ വിഎസ് വെട്ടിലാക്കി.