തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍ പൂന്തുറയിലെത്തി. മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാര്‍ക്ക് നേരെയുണ്ടായ പ്രതിഷേധമൊന്നും വിഎസ് എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളോട് സംസാരിച്ച വിഎസ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആവശ്യമായതെല്ലാം ചെയ്യുമന്നും വിഎസ് ഉറപ്പുനല്‍കി.

വിഴിഞ്ഞത്തെ സന്ദര്‍ശനത്തിന് ശേഷം വിഎസ് വിഴിഞ്ഞത്തേക്ക് പോകും. അവിടെയും മത്സ്യത്തൊഴിലാളികളുമായി വിഎസ് സംസാരിക്കും. നേരത്തെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിഷേധത്തെ തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനൊപ്പം എത്തിയ സംസ്ഥാന മനന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്ക് നേരെയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.