നവമാധ്യമങ്ങളില്‍ വോട്ടുതേടിയും അഭിപ്രായം പറഞ്ഞും സജീവമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍. ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റുകളുമായെത്തുന്ന പിണറായി വിജയനടക്കം ഏറ്റവുമൊടുവില്‍ സ്വന്തമായി വെബ്പേജും തുടങ്ങി. അപ്പോള്‍ പിന്നെ വെബ്‍ലോകത്തും ആരാധകരേറെയുള്ള വിഎസ് അച്യുതാനന്ദന്‍ മാറിനില്‍ക്കുന്നതെങ്ങനെ. ഇപ്പോള്‍തന്നെ ആരാധകരുടെയും അനുഭാവികളുടെയും വക പേജുകള്‍ ഫേസ്ബുക്കില്‍ അനവധിയാണ്. ഇതിനൊക്കെ പുറമെയിതാ ഞായറാഴ്ച മുതല്‍ വിഎസ് നേരിട്ടെത്തുന്ന വെബ്പേജു തുറക്കാന്‍ തുറക്കുന്നു.

പാലക്കാട് കോടിയേരി ബാലകൃഷ്ണനാണ് വിഎസിന്റെ സ്വന്തം വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും വിഎസിന് ഔദ്യോഗിക അക്കൗണ്ടുണ്ടാകും. ഫോളോവേഴ്‌സുമായി ദൈനംദിന സംവാദവുമുണ്ടാകും. വിഎസിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍, കമ്യൂണിറ്റ് പാര്‍ട്ടിയുടെ ചരിത്രം, സമരമുഖത്തെ ഇടപെടലുകള്‍ തുടങ്ങിയവ വെബ്‍ലോകത്ത് കാഴ്ചകളായി തെളിയും. വിഎസ് കേന്ദ്രകഥാപാത്രമായെത്തിയ കാര്‍ട്ടൂണുകളും കാണാം. ഓണ്‍ലൈനിലെത്തുന്ന വിഎസ് എന്തൊക്കെ കാത്തുവെച്ചിട്ടുണ്ടെന്ന കാത്തിരിപ്പിലാണ് എതിരാളികളും ആരാധകരും.