തിരുവനന്തപുരം: വിവാദ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി വിഎസ് അച്യുതാനന്ദന്‍. കുറ്റവാളികളുടെ ജയില്‍ ശിക്ഷാ ഇളവ് പട്ടിക പുറത്ത് വന്ന് രണ്ടാം ദിവസവും വിവാദമടങ്ങുന്നില്ല. സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് വിഎസ് കരുനാഗപ്പള്ളിയില്‍ പ്രതികരിച്ചു.
കോടതി ശിക്ഷിച്ച കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്നത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല
എന്നാല്‍ ശിക്ഷാ ഇളവിന് പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ലിസ്റ്റ് ഇതല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത് . എന്നാല്‍ പട്ടിക പുറത്തുവിടാനോ ലിസ്റ്റിനെ കുറിച്ച് പ്രതികരിക്കാനോ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. ശിക്ഷാ ഇളവ് പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.
എ.കെ. ബാലന്‍ അദ്ധ്യക്ഷനായി ഘടക കക്ഷി പ്രതിനിധികളെല്ലാം ഉള്‍പ്പെട്ട കമ്മിറ്റി പക്ഷെ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉപസമിതി യോഗം ഉടന്‍ ചേരാനും ആലോചനയുണ്ട്.
