സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ദുരിതാശ്വാശ പ്രവര്‍ത്തനങ്ങളും പരമാവധി ഏകോപിപ്പിക്കുന്നുമുണ്ട്. എന്നാൽ, ഇത് കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്ന വിഷയമല്ലിത്
തിരുവനന്തപുരം: കേരളം നേരിടുന്ന അസാധാരണമായ പ്രളയദുരന്തത്തെ കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വയനാട്, ഇടുക്കി, പത്തനംതിട്ട പോലുള്ള ജില്ലകളിലെ പല ഭാഗങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മഴക്കെടുതിയിലും പ്രളയത്തിലും ഒറ്റപ്പെട്ടുപോയിരിക്കുകയാണ്.
പ്രളയ ദുരന്തത്തിന്‍റെ ഭാഗമായി ആയിരങ്ങള്‍ മരിക്കുകയോ, അനാഥരാക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രളയജലം പിന്‍വാങ്ങിയാലും, ദുരന്തത്തിന്‍റെ ഫലമായി ജലജന്യ രോഗങ്ങളടക്കമുള്ള പകർച്ചവ്യാധികൾ ഉൾപ്പെടെ ദുരന്തത്തിന്‍റെ ബാക്കിപത്രങ്ങള്‍ക്ക് നീണ്ടനാൾ കേരളത്തെ ദുരിതത്തിലാക്കാനാവുമെന്നത് ഉറപ്പാണ്.
ഇതിനെല്ലാം പരിഹാരം കാണാൻ ഭരണ പ്രതിപക്ഷ ഭേദമെന്യെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും വിഎസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ദുരിതാശ്വാശ പ്രവര്‍ത്തനങ്ങളും പരമാവധി ഏകോപിപ്പിക്കുന്നുമുണ്ട്.
എന്നാൽ, ഇത് കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്ന വിഷയമല്ല. മിലിറ്ററി എഞ്ചിനീയറിങ്ങ് വിഭാഗമുള്‍പ്പെടെ കര-നാവിക-വ്യോമ സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ ഈ പ്രളയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര ദുരന്തനിവാരണ സെല്ലിന്‍റെ നേരിട്ടുള്ള നേതൃ പരമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഈ അടിയന്തിര ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. അവരവരുടെ കേന്ദ്ര നേതൃത്വങ്ങളെക്കൂടി ഇക്കാര്യത്തിനായി സജീവമായി രംഗത്തെത്തിക്കാന്‍ ഓരോ സംഘടനയും പ്രത്യേകം താത്പര്യമെടുക്കണം. ഈ കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വിഎസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
