മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീട്ടിലേക്ക് പോകാന്‍ മുഖ്യമന്ത്രിക്ക് ആഗ്രഹം ഇല്ലേയെന്നും ബലറാം 

പാലക്കാട്: കാസര്‍കോട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ട് ഷുഹൈബിന്‍റെ വീട്ടിലേക്ക് പോകുന്നില്ലെന്ന് വിടി ബലറാം എംഎല്‍എ. 

ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലയില്‍ വച്ചു കൊല്ലപ്പെട്ടയാളാണ് ഷുഹൈബെന്നും ഇതുവരെയും ഷുഹൈബിന്‍റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിക്ക് തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നും വിടി ബലറാം ചോദിച്ചു. പാലക്കാട്എസ് പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു ബൽറാം. 

കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസ്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് തലയ്ക്ക് വെട്ടി കൊന്ന കേസിലെ പ്രതിയായിട്ടുള്ള ഒരുത്തന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിലിരിക്കുന്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടാവും. കേരള പൊലീസില്‍ നമ്മുക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഈ കേസില്‍ കൊന്നവരേയും കൊല്ലിച്ചവരേയും അതിന് ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം. അതിന് സിബിഐ പോലൊരു ഏജന്‍സി തന്നെ വരണം.

 കേരളത്തിലെ സാംസ്കാരിക നായകന്‍മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ സിപിഎമ്മിന് സ്തുതി പാടുകയാണ്. ഇത്തരം കപട സാംസ്കാരികനായകന്‍മാരെ ഇപ്പോള്‍ യഥാര്‍ത്ഥ സാംസ്കാരികകകേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ബലറാം പറഞ്ഞു. സ്വന്തം അനുഭവത്തില്‍ നിന്നും പഠിക്കാന്‍ സിപിഎം തയ്യാറാവണം.

കോണ്‍ഗ്രസ് ഒരുപാട് സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്നു. പല സംസ്ഥാനത്തും പിന്നീട് പ്രതിപക്ഷത്തായി പലയിടത്തും പക്ഷേ ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചു വരുന്നു. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ ഭരിച്ച പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്തു പോയതിന് അടുത്ത ദിവസം നാട്ടുകാര്‍ അടിച്ചോടിച്ചിട്ടുണ്ടെങ്കില്‍ അത് ത്രിപുരയിലും ബംഗാളിലും മാത്രമാണെന്നും വിടി ബലറാം പരിഹസിച്ചു.