കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക്. കൊലപാതകത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ശുഹൈബിനെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കണ്ണൂരിലെ സിപിഎം ഘടകം.
കെ.സുധാകരനും സതീശന്‍ പച്ചേനിയുമടക്കം കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷിയായ മുസ്ലീം ലീഗും ശുഹൈബ് വധത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ചു രംഗത്തു വന്നിട്ടുണ്ട്. എകെജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രതിഷേധത്തിന് ഇരയായ കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാമും ശക്തമായ ഭാഷയിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചത്.
ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളെപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലെ ഉദാഹരമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍.ഐ.എ അന്വേഷണം വേണം. കൊല്ലം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല. നിങ്ങള്‍ വേണമെങ്കില്‍ തോല്‍പിച്ചോള്ളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം എന്നാണ് നിയമവാഴ്ച്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത് - തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിടി ബലറാം കുറിച്ചു.
ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....
സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.
കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്ത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണം.
'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.
