Asianet News MalayalamAsianet News Malayalam

എ.കെ.ജി സ്മാരകത്തിന് 10 കോടി; അഞ്ഞടിച്ച് വിടി ബലറാം

VT Balaram fb post on AKG Fund in Budget
Author
First Published Feb 2, 2018, 4:39 PM IST

കോട്ടയം :  കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കണ്ണൂരിൽ സ്മാരകം നിർമിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബൽറാം വീണ്ടും രംഗത്തുവന്നു. അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത്‌ ഇത്തരം നിർമാണങ്ങളുടെ ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

തൃത്താല എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാമിന്‍റെ എകെജി വിരുദ്ധ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ തീർത്ത അലയൊലികൾ അവസാനിക്കും മുന്‍പേയാണ് സംസ്ഥാന ബഡ്ജറ്റില്‍ എകെജി സ്മാരകത്തിന് പണം അനുവദിച്ചത്. ഇതിനെതിരെ ബല്‍റാം രംഗത്ത് എത്തിയത് സമീപ ദിവസങ്ങളിലും എകെജി ചര്‍ച്ച സജീവമാക്കും.

ബല്‍റാമിന്‍റെ പോസ്റ്റ് ഇങ്ങനെ

 

അന്തരിച്ച കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ എ.കെ. ഗോപാലന്‌ കണ്ണൂരിൽ സ്മാരകം നിർമ്മിക്കുന്നതിനായി ഇന്നത്തെ ബജറ്റിൽ 10 കോടി രൂപ പൊതുഖജനാവിൽ നിന്ന് അനുവദിച്ചിരിക്കുന്നു. പുന്നപ്ര വയലാറിൽ സ്മാരകത്തിനായി 10 കോടി വേറെയുമുണ്ട്‌. ഭരിക്കുന്ന സർക്കാരിന്‌ അതിനെല്ലാം അധികാരമുണ്ടായിരിക്കാം, എന്നാൽ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത്‌ ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന്‌ ഉത്തരവാദിത്തമുണ്ട്‌.

എ. കെ. ഗോപാലനുമായി ബന്ധപ്പെട്ട്‌ സർക്കാർ മുൻകൈയിൽ സ്മാരകം നിർമ്മിക്കപ്പെടുന്നത്‌ ഇതാദ്യമായല്ല. അദ്ദേഹത്തിന്റെ മരണത്തിന്റ തൊട്ടുപിന്നാലെ സിപിഎം നേതാക്കൾ ഈയാവശ്യത്തിനായി അന്നത്തെ എ. കെ. ആന്റണി സർക്കാരിനെ സമീപിച്ചിരുന്നു. ഇതംഗീകരിച്ചുകൊണ്ട്‌ എകെജിയുമായി ബന്ധപ്പെട്ട പഠന, ഗവേഷണാവശ്യങ്ങൾക്കായിട്ടാണ്‌ 1977ൽ സർക്കാർ ഉത്തരവ്‌ GO(MS)/1172/77 RD dtd. 20-08-1977 ആയി വഞ്ചിയൂർ വില്ലേജിലെ സർവ്വേ നമ്പർ 2645ലുൾപ്പെട്ട 34.4 സെന്റ്‌ കേരള യൂണിവേഴ്സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക്‌ സർക്കാർ അനുവദിക്കുന്നത്‌. സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ സർക്കാർ ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്‌. സിപിഎം നേതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു ഈ സ്മാരക കമ്മിറ്റി.

എന്നാൽ ആ സ്ഥലത്ത്‌ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക്‌ ഓഫീസ്‌ ഉണ്ടാക്കുകയാണ്‌ പാർട്ടി നേതൃത്ത്വം ചെയ്തത്‌. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എകെജിയുടെ പേരിൽ ഒരു ലൈബ്രറിയോ മറ്റോ പ്രവർത്തിക്കുന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനുള്ളതോ സമൂഹത്തിന്‌ ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവർത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആർക്കും അറിവില്ല. പിന്നീട്‌ ഇവർ വീണ്ടും കേരള യൂണിവേഴ്സിറ്റിയുടെ സ്ഥലം കയ്യേറിയെന്നും അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്നുമൊക്കെ പല അവസരങ്ങളിൽ വിവാദങ്ങളുയർന്നതാണ്‌. ഇന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്‌ ഒക്കെ ഈയാരോപണങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. നേരത്തെ സർവ്വകലാശാലയുടെ കോമ്പൗണ്ടിന്റെ ഭാഗമായിത്തന്നെയുള്ള ഒരു പഠന ഗവേഷണ കേന്ദ്രമായി നിലനിന്നിരുന്ന സ്ഥാപനം പാർട്ടി ഓഫീസായി മാറിയതോടെ മതിൽകെട്ടി തിരിക്കുകയായിരുന്നു. ഏതായാലും ഇന്ന് കേരളത്തിൽ സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിലനിൽക്കുന്നത്‌ സിപിഎമ്മിന്റേത്‌ മാത്രമാണ്‌.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങൾ ഈ നാൽപ്പത്‌ വർഷത്തിനിടക്ക്‌ ഈ പഠന-ഗവേഷണ കേന്ദ്രത്തിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌, ഇക്കാലയളവിൽ എത്രപേർ ഈ "ഗവേഷണ സ്ഥാപനം" ഉപയോഗപ്പെടുത്തി പിഎച്ച്‌ഡി നേടിയിട്ടുണ്ട്‌, സിപിഎമ്മിന്റെ പാർട്ടി പരിപാടികളല്ലാതെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എത്ര ദേശീയ, അന്തർദേശീയ സെമിനാറുകൾ വർഷം തോറും അവിടെ നടത്തിവരാറുണ്ട്‌ എന്നതിനൊക്കെ അതിന്റെ നടത്തിപ്പുകാർ പൊതുജനങ്ങളോട്‌ കണക്ക്‌ ബോധിപ്പിക്കേണ്ടതുണ്ട്‌.

പതിറ്റാണ്ടുകൾക്ക്‌ ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്നേഹത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇന്നാട്ടിലെ എല്ലാവർക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരിൽ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത്‌ ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും സർക്കാരും പുനർവിചിന്തനം നടത്തണം. ഇഎംഎസ്‌ ഭവനപദ്ധതി പോലെ എകെജിയുടെ പേരിൽ ഈ നാട്ടിലെ പാവപ്പെട്ടവർക്ക്‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അതെത്ര നന്നായേനെ! എന്നാൽ അതിനുപകരം രാഷ്ട്രീയലക്ഷ്യം വെച്ച്‌ പട്ടേലിനും ശിവാജിക്കുമൊക്കെ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡൽ തന്നെയാണ്‌ ഐസക്കിനും സ്വീകാര്യമാവുന്നത്‌ എന്നത്‌ നിരാശാജനകം ആണ്‌.

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാർത്ഥമാണെങ്കിൽ സർക്കാർ ചെയ്യേണ്ടത്‌ തിരുവനന്തപുരത്ത്‌ സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തിൽ നിന്ന് സിപിഎം പാർട്ടി ഓഫീസ്‌ പൂർണ്ണമായി ഒഴിപ്പിച്ച്‌ അത്‌ പൊതുജനങ്ങൾക്ക്‌ പ്രാപ്യമായ തരത്തിൽ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ്‌. അല്ലാത്തപക്ഷം കണ്ണൂരിൽ വീണ്ടുമൊരു പാർട്ടി ഓഫീസ്‌ നിർമ്മിക്കാനായി സർക്കാർ ഖജനാവിലെ പത്ത്‌ കോടി രൂപ ധൂർത്തടിക്കുന്ന അധികാര ദുർവിനിയോഗമായി കാലം അതിനെ വിലയിരുത്തുമെന്ന് തീർച്ച.

Follow Us:
Download App:
  • android
  • ios