തിരുവനന്തപുരം: സ്വന്തം അനുഭവത്തിൽ നിന്നായിരിക്കും വിടി ബൽറാം ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്ന് വൈക്കം വിശ്വൻ. ഔചിത്യം ഉണ്ടെങ്കിൽ മാപ്പു പറഞ്ഞേനെ. എകെജി മരണക്കിടക്കയിൽ കിടക്കുമ്പോൾ പോലും അധിക്ഷേപിച്ചവരാണ് യൂത്ത് കോൺഗ്രസുകാർ. അവരുടെ നിലപാടുകളിൽ മറ്റം വന്നിട്ടില്ലാത്തതിനാലാണ് വിടി ബൽറാമിനെ അനുകൂലിക്കുന്നത്.

ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. പരാമര്‍ശത്തില്‍ സൈബ‍ർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം.