അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ ഇറ്റാലിയന്‍ കോടതി വിധിയുടെ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്. ഇടപാടിന്റെ സംശയം നീളുന്നത് സോണിയാഗാന്ധിയിലേക്കാണെന്ന് ആരോപിച്ച് സുബ്രമണ്യന്‍ സ്വാമിക്കു പിന്നാലെ ബിജെപിയും രംഗത്തെത്തി. 

യുപിഎ സര്‍ക്കാര്‍ അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡിനെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന വാദം കളവാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കി കേസിനെ മാറ്റുന്നതിനെതിരെ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. 

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ രണ്ടു വര്‍ഷമായി എന്തു കൊണ്ട് നടപടി എടുത്തില്ലെന്ന് എകെ ആന്‍റണി ചോദിച്ചു. വ്യോമസേനാ മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്പി ത്യാഗിക്ക് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കി. വ്യോമസേന മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജ്‌റാളിന്‍റെ ഇന്ന് സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

കോഴ രാഷ്ട്രീയക്കാരിലെത്തിയതിന് തെളിവ് കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന സന്ദേശം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കി. കോഴപണം വന്നതിന്‍റെയും നിക്ഷേപിച്ചതിന്‍റെയും വിവരങ്ങള്‍ അറിയാനായി യുഎഇ ഉള്‍പ്പടെ 10 രാജ്യങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു എന്നാണ് സൂചന.