2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കും. വോട്ട് ആര്‍ക്ക് ചെയ്തെന്ന് ഉറപ്പാക്കുന്ന സ്ലിപ് കിട്ടുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 16 ലക്ഷം യന്ത്രങ്ങള്‍ വാങ്ങാന്‍ 3173 കോടി രൂപ കേന്ദ്ര മന്ത്രിസഭ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് വോട്ടര്‍ വെരിഫെയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ അഥവാ വിവിപാറ്റ് ഘടിപ്പിച്ചിട്ടുള്ള പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. യന്ത്രങ്ങള്‍ വാങ്ങാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ പുതിയ 16 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3173 കോടി രൂപ അനുവദിച്ചു. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്ററിലൂടെയെത്തുന്ന സ്ലിപ്പിലൂടെ വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് ഉറപ്പിക്കാം. സ്ലിപ് നോക്കാന്‍ ഏഴ് സെക്കന്റ് സമയം നല്‍കും. ഇതിന് ശേഷം പെട്ടിയില്‍ നിക്ഷേപിക്കപ്പെടുന്ന സ്ലിപ്പുകള്‍, ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നാല്‍ എണ്ണി തിട്ടപ്പെടുത്താം. വരും തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ വൈകുന്നതെന്താണെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രത്തോടും ചോദിക്കുകയും ചെയ്തു. മേയ് എട്ടിനകം മറുപടി നല്‍കണമെന്നായിരുന്നു ഉത്തരവ്.