ഭോപ്പാല്‍: വ്യാപം കുംഭകോണകേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കി. കേസില്‍ 490 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മധ്യപ്രദേശ് റിക്രൂട്ട്‌മെന്‍റ് ബോര്‍ഡായ വ്യാപം നടത്തിയ പരീഷയില്‍ വ്യാപകമായ ക്രമക്കേട് നടത്തി എന്നതാണ് കേസ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക സാക്ഷികള്‍ ഒന്നൊന്നായി ദുരൂഹമായി കൊല്ലപ്പെടാന്‍ തുടങ്ങിയതോടെയാണ് കേസ് രാജ്യശ്രദ്ധ ആകര്‍ഷിച്ചത്.

അതേസമയം കേസുമായി ബന്ധപ്പെട്ടവരുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സി. കേസുമായി ബന്ധപ്പെട്ട ഹാര്‍ഡ് ഡ്രൈവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണവും അന്വേഷണ ഏജന്‍സി തള്ളിക്കളഞ്ഞു. വ്യാവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്‍റെ ചുരുക്കപ്പോരാണ് വ്യാപം. 

വ്യാപം നടത്തുന്ന പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തി നിരവധി വര്‍ഷങ്ങളായി തട്ടിപ്പ് നടന്നു വന്നിരുന്ന തട്ടിപ്പിന്‍റെ വ്യാപ്തി 2013ലാണ് ദേശീയതലത്തില്‍ വാര്‍ത്തയാകുന്നത്. വ്യാപം തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയവരും ഇടനിലക്കാരുമടക്കം കേസുമായി ബന്ധപ്പെട്ട 48 പേര്‍ ഇതുവരെ ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്.