മഴപെയ്യുന്ന സമയങ്ങളില്‍ ചോര്‍ന്നൊലിച്ച് ഓഫീസ് ഷോക്കേല്‍ക്കുന്നതും പതിവ്
വയനാട്: കാലപ്പഴക്കമേറെയുള്ള കെട്ടിടത്തില് പ്രവര്ത്തിക്കുന്ന വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് അപകടാവസ്ഥയില്. മഴക്കാലമെത്തിയതോടെ ചോര്ന്നൊലിക്കുകയാണ് എല്ലായിടവും. വെള്ളമിറങ്ങി ചുമരുകളെല്ലാം നനഞ്ഞതിനാല് ഓഫീസിലെത്തുന്നവര്ക്കും ഉദ്യോഗസ്ഥര്ക്കും ഷോക്കേല്ക്കുന്നത് പതിവായി. കെട്ടിടത്തിന്റെ ഒന്നാംനിലയില് സ്ഥിതി ചെയ്യുന്ന ഓഫീസിലേക്കെത്താന് ഇടുങ്ങിയ വഴികളാണുള്ളത്. പുതിയ റേഷന്കാര്ഡിനുള്ള അപേക്ഷകള് സ്വീകരിച്ച് തുടങ്ങിയതോടെ നൂറുകണക്കിന് പേരാണ് ദിവസവും ഈ ഓഫീസിലെത്തുന്നത്.
ഗോവണിക്ക് സമീപമുള്ള ഇടുങ്ങിയ വഴിയിലും പുറത്ത് റോഡിലുമാണ് ജനം കാത്ത് നില്ക്കുന്നത്. എന്നാല് മഴപെയ്താല് റോഡിലുള്ളവരെല്ലാം ഓഫീസിലേക്ക് തള്ളിക്കയറേണ്ട അവസ്ഥയാണ്. കൈക്കുഞ്ഞുങ്ങളുമായി താലൂക്ക് ഓഫീസിലെത്തുന്ന അമ്മമാര്ക്ക് ഇരട്ടി കഷ്ടപ്പാടാണ്. സൗകര്യങ്ങളൊരുക്കി നല്കാനാകാതെ ഉദ്യോഗസ്ഥരും നിസഹായരാണ്. അതേ സമയം മഴപെയ്യുന്ന സമയങ്ങളില് ഓഫീസില് മിക്കയിടങ്ങളും ചോര്ന്നൊലിക്കുന്നുണ്ട്.
വയറിങ്ങിലേക്ക് വെള്ളമിറങ്ങി ഇടപാടിനെത്തുന്നവര്ക്ക് ഷോക്കടിക്കുമോ എന്നതാണ് ഇപ്പോള് ഉദ്യോഗസ്ഥര്ക്കുള്ള ഭയം.നിരവധി തവണ അധികാരികളുടെ മുമ്പില് ഓഫീസിന്റെ ശോചനീയവസ്ഥ വിവരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ലെന്ന് ഉദ്യോഗസ്ഥര് പറയുന്നു. വേനലില് വലിയ പ്രശ്നങ്ങളില്ലാതെ ജോലി ചെയ്യാമെങ്കിലും മഴക്കാലത്താണ് ദുരിതമേറെ അനുഭവിക്കുന്നത്. ജില്ലയില് തന്നെ ഏറ്റവും കൂടുതല് മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് വൈത്തിരി.
