കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. പൊതുജനത്തിന്‍റെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതികള്‍ അവര്‍ക്ക് ഉപകരിക്കുന്നതാവണമെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. പദ്ധതിയെക്കുറിച്ച് ആവലാതിയുള്ളവരെ കേള്‍ക്കാന്‍ യോഗം വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വൈറ്റില ജംക്ഷനില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലം ഗതാഗതക്കുരുക്ക് അഴിക്കാന്‍ പര്യാപ്തമല്ലെന്ന വാദം ഇ. ശ്രീധരനടക്കം ഉന്നയിച്ചിരുന്നു. പാലത്തിന്‍റെ അലൈന്‍മെന്‍റ് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി വൈറ്റില സ്വദേശി സമീര്‍ അബ്ദുല്ല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മേല്‍പ്പാലം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുരുക്കില്ലാത്ത വിധം മുകളിലൂടെ മറുവശം കടക്കലാണ്.
ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമാകരുത് പദ്ധതി. പദ്ധതി ഗുണമില്ല എന്ന് വരും തലമുറയ്ക്ക് തോന്നരുത്. പൊതു ജനത്തിന്‍റെ നികുതി പണം ഉപയോഗിച്ചുണ്ടാക്കുന്ന പദ്ധതി അവര്‍ക്ക് ഉപകാരമാകണം. രണ്ട് റോഡിലെ തിരക്ക് കുറയ്ക്കാന്‍ മാത്രം എന്തിനാണ് ഇത്ര വലിയ പദ്ധതിയെന്നും ഹൈക്കോടതി ചോദിച്ചു. ഒന്നു പണിതിട്ട് സൗകര്യക്കുറവിന്‍റെ പേരില്‍ പൊളിച്ചു പണിയുന്നത് പ്രായോഗികമല്ല.
അതിനാല്‍ എല്ലാ വശങ്ങളും പഠിച്ചുവേണം നിര്‍മാണം നടത്താന്‍. ഹര്‍ജിക്കാരന്‍റേതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
