പാ​ല​ക്കാ​ട്: വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണം.പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തവരില്‍ പ്രായപൂര്‍ത്തിയാവാത്ത അയല്‍വാസിയും. അയല്‍വാസിയായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളുടെ മരണത്തില്‍ അഞ്ചാമത്തെ ആളാണ് പിടിയിലാകുന്നത്.

വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ ഒന്‍പത് വയസുകാരിയുടെയും പതിമൂന്നുകാരിയുടെയും ദുരൂഹമരണത്തിലാണ് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അയല്‍വാസിയായ ഇയാള്‍ക്ക് പതിനേഴ് വയസാണ് പ്രായം. പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രദേശവാസികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാവാത്ത അയല്‍വാസിയിലേക്കും അന്വേഷണം നീണ്ടത്. 

തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ രണ്ട് പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്.

പെണ്‍കുട്ടികളുടെ അച്ഛന്‍റെ സുഹൃത്തായ ഷിബു, ബന്ധുക്കളായ വി മധു , എം മധു എന്നിവരും അയല്‍വാസിയായ ട്യൂഷന്‍ അധ്യാപകന്‍ പ്രദീപുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എംജെ സോജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.