എറണാകുളം ചെല്ലാനത്തെ കടൽക്ഷോഭ മേഖലയിൽ നിന്ന് പുറത്തുവന്ന ഇൗ വീഡിയോ കേരള പൊലീസിന്റെ മാനുഷിക മുഖം വെളിപ്പെടുത്തുന്നതാണ്. നൂറോളം വീടുകളിൽ വെള്ളം കയറുകയായിരുന്നു. നടക്കാൻ കഴിയാതെ വീട്ടിൽ അകപ്പെട്ട വൃദ്ധനെ പൊലീസുകാരൻ ചുമലിലേറ്റി വെള്ളത്തിലൂടെ കൊണ്ടുപോകുന്നതാണ് വീഡിയോ. വീടിന്‍റെ മുറ്റത്തേക്ക് തിരയടിച്ചുകയറുന്നത് വകവെക്കാതെയാണ് പൊലീസുകാരന്റെ രക്ഷാദൗത്യം. കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്ധ്യോഗസ്ഥനാണ് നായകന്‍.
വിമർശനങ്ങൾ ഏറെ കേൾക്കുന്ന കേരള പൊലീസ് ഒാഖി ചൂഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിൽ നടത്തുന്ന സേവനങ്ങൾ ഇതിനകം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനിടെയാണ് ചെല്ലാനത്തുനിന്ന് പൊലീസുകാരൻ വഴിമുട്ടിയ മനുഷ്യജീവനെ തോളിലേറ്റി ആശ്വാസത്തിന്റെ തീരത്തേക്ക് നടക്കുന്ന കാഴ്ച പുറത്തുവരുന്നത്.
അപ്രതീക്ഷിത കടൽക്ഷോഭം ചെല്ലാനത്ത് വൻ ദുരിതമാണ് വിതച്ചത്. വീടുകൾ ഉൾപ്പെടെയുള്ളവക്ക് നാശം സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ ഇവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
