ലക്നൗ: പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരങ്ങള്‍ മുസ്ലിം സ്‌ത്രീകള്‍ കാണരുതെന്ന് മതപുരോഹിതന്റെ ഉപദേശം. നഗ്നമായ കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫുട്ബോള്‍ കളി ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരം മത്സരങ്ങള്‍ കാണുന്നത് സ്‌ത്രീകള്‍ക്ക് നിശിദ്ധമാണെന്നും പ്രഖ്യാപിച്ച് ദാറുല്‍ ഉലൂം ദയുബന്ദിലെ പണ്ഡിതന്‍ മുഫ്തി അത്തര്‍ കാസ്മിയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രസംഗിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി.വി സ്ക്രീനില്‍ പോലും ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് സ്‌ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാര്‍ വിലക്കണം. നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ക്ക് ദൈവ ഭയമില്ലേ? ഇത്തരം കാര്യങ്ങള്‍ കാണാന്‍ നിങ്ങള്‍ അവരെ അനുവദിക്കുകയാണ്. ഫുട്ബോള്‍ മത്സരങ്ങള്‍ കാണേണ്ട എന്ത് ആവശ്യമാണ് സ്‌ത്രീകള്‍ക്കുള്ളത്? കളിക്കാരുടെ തുടകളില്‍ നോക്കിയിട്ട് എന്താണ് അവര്‍ക്ക് കിട്ടുന്നത്. അവരുടെ ശ്രദ്ധ മുഴുവന്‍ അവിടേക്ക് മാത്രമായിരിക്കും. കളിയുടെ സ്കോര്‍ പോലും ശ്രദ്ധിക്കില്ല - കാസ്മി പറഞ്ഞു.

മുസ്ലിം സമുദായത്തിലെ തന്നെ വിവിധ സംഘടനകളും നേതാക്കളും കാസ്മിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.