ഒരു കുടുംബത്തിന് ഒരു ദിവസം 20 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും.  ഷോളയൂർ പഞ്ചായത്തിലെ നാലിടങ്ങളിൽ കുടിവെളള വിതരണ എടിഎമ്മുകൾ പ്രവർത്തിക്കും 

അട്ടപ്പാടി: അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വാട്ടർ എടിഎമ്മുമായി ഷോളയൂർ പഞ്ചായത്ത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന അട്ടപ്പാടിയിൽ കുടിവെളള വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മുൻകൂറായി പണമടച്ച്, എടിഎം രൂപത്തിലുളള കുടിവെളള വിതരണം നടത്താനാണ് ഷോളയൂർ പഞ്ചായത്തിന്‍റെ തീരുമാനം.

ഒരു കുടുംബത്തിന് ഒരുദിവസം 20 ലിറ്റർ ശുദ്ധജലമാണ് വിതരണം ചെയ്യുക. മുൻകൂറായി പണമടച്ച് റീചാർജ്ജ് ചെയ്യാവുന്ന കാർഡും ഗുണഭോക്താക്കൾക്ക് ലഭിക്കും. ലിറ്ററിന് 25പൈസ നിരക്കിലാണ് ആദിവാസികൾ നൽകേണ്ടത്. മറ്റുളളവ‍ർ 50 പൈസ വീതവും നൽകണം. നിലവിൽ ഷോളയൂർ പഞ്ചായത്തിലെ നാലിടങ്ങളിലാണ് കുടിവെളള വിതരണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആയിരം ലിറ്റർ സംഭരണ ശേഷിയുളള ടാങ്കുകളാണ് ഓരോ യൂണിറ്റിലുമുളളത്. മൊബൈൽ ആപ് വഴി ടാങ്കുകളിലെ ജലനിരപ്പ് മനസ്സിലാക്കി കൃത്യമായി അളവ് ക്രമീകരിക്കും. ശിരുവാണി പുഴയിൽ നിന്ന് മണിക്കൂറിൽ 5 ലക്ഷം ലിറ്റർ വെളളമെത്തിച്ച് സാമ്പാർകോട് ഊരിലെ പ്ലാന്‍റിൽ ശുദ്ധീകരിക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിൽ കൊച്ചിൻ ഷിപ്പ്യാർഡും സന്നദ്ധസംഘടനായ ശാന്തിയും കൈകോർക്കുന്നുണ്ട്.