കണക്ഷന്‍ പ്രവർത്തന രഹിതമാണെന്ന് ഈ ബില്ലില്‍തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കുമളി: കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിനിടയില് ഇടുക്കിയില് വീട്ടമ്മയ്ക്ക് പത്തരലക്ഷംരൂപ വാട്ടർബില്ല് കൊടുത്ത് ഞെട്ടിച്ച് വാട്ടര് അതോരിറ്റി. കുമളി റോസാപ്പൂക്കണ്ടം സ്വദേശി രത്നമ്മയ്ക്കാണ് വാട്ടർ അതോറിറ്റിയുടെ വക ഇരുട്ടടി കിട്ടിയത്.
അഞ്ചുവർഷം മുന്പാണ് പീരുമേട് താലൂക്കിലെ റോസാപ്പൂക്കണ്ടം സ്വദേശിയായ രത്നമ്മ വാട്ടർ അതോറിറ്റിയുടെ കണക്ഷന് എടുത്തത്. പ്രദേശത്തെ ജില്ലാ സഹകരണബാങ്കിലെ താത്കാലിക ജീവനക്കാരിയാണ് രത്നമ്മ, ഇതുവരെ വേണ്ട സമയത്തൊന്നുംതന്നെ ഈ കണക്ഷന് വഴി പ്രദേശത്തുകാർക്കൊന്നും വെള്ളം ലഭിച്ചിട്ടില്ല. ഇതിനുപുറമേയാണ് കഴിഞ്ഞ ദിവസം 10,64,157 രൂപയുടെ ബില് രത്നമ്മയ്ക്ക് ലഭിച്ചത്. കണക്ഷന് പ്രവർത്തന രഹിതമാണെന്ന് ഈ ബില്ലില്തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം കുടിശ്ശികയടക്കം 1500 രൂപ രത്നമ്മ അടച്ചതാണ്.
35 കിലോമീറ്റർ അകലെയാണ് വാട്ടർ അതോറിറ്റിയുടെ പീരുമേട് സെക്ഷന് ഓഫീസ്, അധികൃതരുമായി ബന്ധപ്പെട്ടപ്പോള് രത്നമ്മയ്ക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടുമില്ല. എന്നാല് അച്ചടിപ്പിശകാകാനാണ് സാധ്യതയെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വിശദീകരണം.
