പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ജലത്തെ ചൊല്ലി പാലക്കാട്ട് രാഷ്ട്രീയ തര്‍ക്കം രൂക്ഷമാകുന്നു. നിഷ്‌ക്രിയത്വം ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷക കോണ്‍ഗ്രസ്, ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍ കുട്ടിയുടെ ഓഫീസ് വളഞ്ഞു.
വേനലെത്തും മുമ്പേ ചിറ്റൂര്‍ മേഖല കൊടിയ കൃഷിനാശത്തിലേക്കും വരള്‍ച്ചയിലേക്കും അടുക്കുകയാണ്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കേണ്ട ജലം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാരോപിച്ച് മുന്‍ എംഎല്‍എ കെ. അച്ചുതന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സുമേഷ് അച്ചുതന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സംഘടിച്ച് എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കഴിഞ്ഞതോടെ ജനതാദള്‍ എസ് പ്രവര്‍ത്തകരും മാര്‍ച്ചുമായിയെത്തി. ജലം നേടിയെടുക്കാന്‍ ഇടയായത് എംഎല്‍എയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു ഇവരുടെ മാര്‍ച്ച്. ജലത്തിന്റെ പേരില്‍ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം ഇനിയും കൂടാനാണ് സാധ്യത.
