കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലൂടെയായിരുന്നു കൂടുതല്‍ നാശം. കൃഷിസ്ഥലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. 

നൂറ്റാണ്ടിലെ വലിയ പ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറുമ്പോള്‍ മഴ കുറയുകയും അണക്കെട്ടുകളിലെ ജനനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പും സാഹചര്യവും താഴെ പറയുംപ്രകാരമാണ്.

ഇടുക്കി അണക്കെട്ട്

2401.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ അളവില്‍ കുറവുണ്ട്. എന്നാല്‍ മഴ പൂര്‍ണമായും വിട്ടുമാറിയിട്ടുമില്ല. എന്തായാലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവുണ്ട്. 417 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്. സെക്കന്‍റില്‍ 400 ഘനമീറ്റര്‍ വെള്ളം മാത്രം. ഷട്ടറുകള്‍ പൂര്‍ണമായും അടയ്ക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. തുലാവര്‍ഷം അടുക്കാനിരിക്കെ ജലനിരപ്പ് പരമാവധിയിലേക്ക് അടുക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് മുന്‍കൂട്ടി കണ്ടാണ് ഈ തീരുമാനം. 

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയില്‍ തന്നെ തുടരുകയാണ്. ഒഴുകിവരുന്ന വെള്ളത്തിന്‍റെ അളവില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് എല്ലാ ഷട്ടറുകളും ഇന്നലെ തമിഴ്നാട് അടച്ചു. ഒഴുകിയെത്തുന്ന വെള്ളം അതേപടി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 

ഇടമലയാര്‍

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 168.05 മീറ്റര്‍ വെള്ളം മാത്രമാണ്. സെക്കന്‍റില്‍ 300 ഘനമീറ്റര്‍ തുറന്നുവിടുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലൂടെയായിരുന്നു കൂടുതല്‍ നാശം. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനായുള്ള തെരച്ചില്‍ ഇപ്പോഴും നടക്കുന്നു. റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് ഇടുക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മാസങ്ങളെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.