വയനാട്: വയനാട് തവിഞ്ഞാലില്‍ സിപിഎം ഏരിയാകമ്മിറ്റിയംഗത്തിനെതിരെ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത ബാങ്ക് ജീവനക്കാരന്‍റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹമിരിക്കാൻ ഒരുങ്ങുന്നു. ആരോപിതനായ സിപിഎം നേതാവ് പി വാസു ഭീഷണിപ്പെടുത്തുന്നുവെന്നറിയിച്ചിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് തീരുമാനം. അതേസമയം, അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് തലപ്പുഴ പൊലീസിന്‍റെ വിശദീകരണം. 

ഡിസംബര്‍ ഒന്നിനാണ് തവിഞ്ഞാല്‍ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽകുമാർ ആത്മഹത്യ ചെയ്തത്. ബാങ്ക് പ്രസിഡന്‍റും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ പി വാസുവിനെതിരെയുള്ള ആത്മഹത്യകുറിപ്പ് അന്നുതന്നെ വീട്ടില്‍ നിന്നും കണ്ടെത്തി. വാസു ബാങ്കില്‍ ക്രമക്കേടു നടത്തി പണം തട്ടിയെടുത്തശേഷം ഉത്തരവാതിത്വം തന്‍റെ പേരിലാക്കിയതിനാല്‍ ഇനി ജീവിക്കാനാകില്ലെന്നായിരുന്നു കുറിപ്പ്.  ഇത് അനിലിന്‍റേതെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇതെതുടര്‍ന്ന് ഇയാളെ സിപിഎം ജില്ലാ കമ്മിറ്റി സസ്പെന്‍റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല.

പൊലീസന്വേഷണം നടത്തി മരണകാരണവും വാസുവിന്‍റെ ഇടപെടലും പുറത്തുകൊണ്ടുവരണമെന്നാണ് കുംടുംബത്തിന്‍റെ ആവശ്യം. ഇതുന്നയിച്ച് തലപ്പുഴ സ്റ്റേഷനുമുന്നില്‍ നിരാഹാരം തുടങ്ങാനാണ് കുടുംബാഗങ്ങളുടെ തീരുമാനം. പിന്തുണയുമായി ആക്ഷന്‍കമ്മിറ്റിയുമുണ്ട്.