വയനാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മെല്ലെപ്പോക്കില്‍ താമരശേരി ചുരം റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ തടസപ്പെട്ടു. ദേശീയ പാത വിഭാഗം പദ്ധതി സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ചുരം റോഡില്‍ വളവുകളടക്കം ഇടുങ്ങിയ ഭാഗങ്ങളില്‍ വീതി കൂട്ടി ഗതാഗത സ്തംഭനവും അപകടങ്ങളും ഒഴിവാക്കാനുള്ള പദ്ധതിയാണ് പൊതുമരാമത്ത് സമര്‍പ്പിച്ചിരിക്കുന്നത്. 

ദേശീയ പാത 766ല്‍ ഉള്‍പെടുന്ന ചുരത്തിലെ മൂന്നും അഞ്ചും ഹെയര്‍പിന്‍ വളവുകളില്‍ റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി നടക്കുന്നുണ്ട്. 19 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഈ രണ്ടു വളവുകള്‍ വീതി കൂട്ടുന്നതിന് രണ്ടു കോടി രൂപയാണ് ചെലവിടുന്നത്. എന്നാല്‍ കടുത്ത ഗതാഗത തടസ്സം ഉണ്ടാകുന്ന ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്ന പ്രവര്‍ത്തികളാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ തടസ്സപ്പെട്ടിരിക്കുന്നത്. 

അഞ്ചു വര്‍ഷമായി കേന്ദ്ര വനം മന്ത്രാലയത്തില്‍നിന്ന് അനുമതിക്കായി ശ്രമം നടത്തിവരികയാണെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. മന്ത്രാലയത്തിന്റെ ബംഗളൂരുവിലെ സോണല്‍ ഓഫീസ് വഴിയാണ് അനുമതി ലഭിക്കേണ്ടത്. വനഭൂമി വിട്ടു കിട്ടാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്തു കഴിഞ്ഞെതായി വനംവകുപ്പ് വ്യക്തമാക്കി.