കാര്യമായ തെളിവുകള്‍ ലഭിക്കാതെ അന്വേഷണം

വയനാട്: നവദമ്പതികള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താനാകാതെ പൊലീസ്. സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം പ്രത്യക്ഷ തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണിത്. ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി സുരേന്ദ്രനു കീഴിലുള്ള ജില്ലയിലെ മുഴുവന്‍ ടീമും അന്വേഷണത്തിന്റെ ഭാഗമാകും. 

കൊലപാതകം നടന്ന ദിവസത്തില്‍ പരിസരത്തെ മൊബൈല്‍ ടവറുകളില്‍ വന്ന നമ്പറുകള്‍ കേന്ദ്രീകരിച്ചും മറ്റുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. അതേ സമയം കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. ആയുധങ്ങള്‍ കണ്ടെടുക്കാനായി കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ രണ്ടുവീടുകളിലെയും കിണറുകള്‍ വറ്റിച്ച് പരിശോധിച്ചിരുന്നു. 

ആയുധം കണ്ടെടുക്കാനുള്ള ശ്രമം പ്രതികൂല കാലാവസ്ഥ കാരണം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ കുറ്റിക്കാട്ടിലോ ഏതെങ്കിലും കുളങ്ങളിലോ ആയുധം വലിച്ചെറിഞ്ഞിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ജൂലൈ ആറിനാണ് തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പന്ത്രണ്ടാംമൈല്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.